കടലിന്‍റെ മക്കളെ മറന്നുവോ? ഇവരല്ലേ അതിഥികൾ...

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് സമയബദ്ധിതമായി അനുവദിക്കണമെന്ന ആവശ്യവുമായി തുഷാര്‍ വെള്ളാപ്പള്ളി. 

Last Updated : Apr 13, 2020, 12:18 PM IST
കടലിന്‍റെ മക്കളെ മറന്നുവോ? ഇവരല്ലേ അതിഥികൾ...

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് സമയബദ്ധിതമായി അനുവദിക്കണമെന്ന ആവശ്യവുമായി തുഷാര്‍ വെള്ളാപ്പള്ളി. 

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

കോറോണക്കാല മത്സ്യ ബന്ധന നിരോധനം ഭാഗികമായി പിൻവലിച്ചെങ്കിലും അനുവദിക്കപ്പെട്ടവർക്ക് ഒന്നും ലഭിക്കുന്നില്ലെന്നു൦ കടലിൽ പോകുന്നവരെല്ലാതെ അനുബന്ധ മത്സ്യമേഖലാ തൊഴിലാളികള്‍ കടുത്ത കഷ്ടപാടിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. 

മറുനാടന്‍ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്നു പറഞ്ഞ് ഊട്ടിയുരറക്കുമ്പോള്‍ അര്‍ഹതപ്പെട്ട ജനകീയ അതിഥികളായ കടല്‍മക്കള്‍ മുഴുപട്ടിണിയിലാണ്. -തുഷാര്‍ പറയുന്നു. 

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 

കടലിന്റെ മക്കളെ മറന്നുവോ? ഇവരല്ലേ അതിഥികൾ.

കേരളത്തിലെ മത്സ്യതൊഴിലാളികൾ നമ്മുടെ സ്വന്തം സൈന്യമാണെന്ന് വിശേഷിപ്പിച്ചത് മറ്റാരുമല്ല കേരള മുഖ്യമന്ത്രിയാണ്. ഒരു പക്ഷെ അവരെ നമ്മുക്ക് തിരിച്ചറിയാൻ ഒരു പ്രളയം വരേണ്ടി വന്നു.

അർദ്ധസൈനികരുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തകർ പ്രളയത്തിന്റെ ഭീകരതയ്ക്കു മുന്നിൽ പകച്ച് നിന്നപ്പോഴാണ് ,
ഒരു വമ്പൻ തിരമാലപ്പോലെ പടിഞ്ഞാറുനിന്ന് ഒരു പറ്റം മത്സ്യതൊഴിയാളികൾ തങ്ങളുടെ കിഴക്കിന്റെ സഹോദരങ്ങളെ രക്ഷിക്കാൻ പാഞ്ഞടുത്തത്.

കേരളത്തിൽ ഏകദേശം 5000ത്തിൽ പരം മത്സ്യതൊഴിലാളികൾ ഒന്നേകാൽ ലക്ഷം പ്രളയ ദുരിതബാധിതരെ രക്ഷപ്പെടുത്തിയതായി ഓർക്കുന്നു. സ്വന്തം ബോട്ടുകളും വഞ്ചികളും നാശനഷ്ടം സംഭവിച്ചും ശാരികമായ പരിക്കുകളോടെയും ആരിൽ നിന്നും ഒന്നും വാങ്ങാതെ അവർ നമ്മുക്ക് നേരേ കൈ വീശിയാണ് തീരികെ യാത്രയായത്. കൈയ്യിൽ ഒന്നും ഇല്ലായെന്നും ഞങ്ങൾ ഒന്നും എടുത്തിട്ടില്ലയെന്നുമുള്ള മറ്റൊരർത്ഥം ആ കൈ വീശലിന് ഉണ്ടായിരുന്നല്ലേ?

ഇത് കോറോണക്കാലം. കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യതൊഴിയാളികളുടെ അവസ്ഥയെന്ത്?

സൗജന്യ റേഷനും ക്ഷേമനിധിയിലുള്ളവർക്ക് എന്തെങ്കിലും തുച്ഛമായ തുക കിട്ടിയാൽ അതും ലഭിക്കുമായിരിക്കും.
അത് എന്തിന് തികയും. ഇത് കേരളത്തിലെ എല്ലാ തൊഴിൽ മേഖലയിലും ലഭിക്കുന്നുമുണ്ട്.

കേരള സർക്കാർ ഈ അവസ്ഥയിൽ മത്സ്യതൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് സമയബദ്ധിതമായി അനുവധിക്കണമെന്ന് ഈ അവസരത്തിൽ ആവശ്യപ്പെടുകയാണ്.

കടൽമുറ്റം വറുതിയിലാണ്. കോറോണക്കാല മത്സ്യ ബന്ധന നിരോധനം ഭാഗികമായി പിൻവലിച്ചെങ്കിലും അനുവദിക്കപ്പെട്ടവർക്ക് മത്സ്യ ബന്ധനത്തിന് പോയിട്ട് ഒന്നും ലഭിക്കുന്നുമില്ല. കടലിൽ പോകുന്നവരെല്ലാതെ അനുബന്ധ മത്സ്യമേഖലാ തൊഴിലാളികളും കടുത്ത കഷ്ടപാടിലാണ്.

മറുനാടൻ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് പറഞ്ഞ് നമ്മൾ ഊട്ടിയുറക്കുന്നു. അർഹതപ്പെട്ട ജനകീയ അതിഥികളായ കടൽമക്കൾ മുഴുത്ത പട്ടിണിയിൽ. പറഞ്ഞു വരുന്നത്.... നമ്മുക്ക് നമ്മുടെ സ്വന്തം സൈനീകരെ ആദരിക്കാൻ കിട്ടിയ സുവർണ്ണാവസരമാണിത്.

കിഴക്കിന്റെ മക്കൾ ഒന്ന് പടിഞ്ഞാറോട്ട് നോക്കുക. അവർക്ക് നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും. ആകുന്നത് അകമറിഞ്ഞ് അനുവദിക്കുക. പണം കൊണ്ട് നമുക്ക് സ്വയം ജീവൻപോലും രക്ഷിക്കാൻ കഴിയില്ലായെന്നും പരസഹായം വേണമെന്നും പഠിപ്പിച്ച പ്രളയ ഒർമ്മകൾ ഓർത്തെടുക്കണം.

താങ്കൾക്ക് , താങ്കളുടെ പ്രദേശത്തിന് കടലമ്മയുടെ മക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഒറ്റക്കോ ഒന്നിച്ചോ തിരിച്ചറിവോടെ സഹായിക്കേണ്ട വറുതിയുടെ കാലമാണ് കടലോരത്ത് നിലവിലുള്ളത്.  മന:സമാധാനം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ.

പ്രളയകാലത്ത് സൈനീക രായി പ്രവർത്തിച്ച മത്സ്യതൊഴിലാളികൾക്ക് സമാധാനത്തിന്റെ നോബൽ സമ്മാനം ലഭിക്കുവാൻ ശുപാർശ ചെയ്യുമെന്ന് അന്ന് ഒരു എം.പി. പറഞ്ഞത് ഓർക്കുന്നു. എന്തായാവോ? അവർക്ക് സമ്മാനമല്ല സമ്പത്താണ് വേണ്ടത്.

പ്രളയം കഴിഞ്ഞപ്പോൾ വള്ളങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 200 % വർദ്ധിപ്പിച്ചത് ഒരു മത്സ്യ തൊഴിലാളി പറഞ്ഞ് ഇപ്പോൾ ഓർമ്മ വരുന്നു.
കോറോണ കഴിഞ്ഞാൽ ഇനി എന്താകുമോ ആവോ? കണ്ടറിയണം.

റോവിംഗ് ബിറ്റ്‌വീൻ ദ റൂഫ് ടോപ്സ്' (Rowing Between the Rooftops) എന്ന ഒരു പുസ്തകം ഒരു പത്രപ്രവർ കൻ മത്സ്യതൊഴിലാളികളുടെ സേവനത്തിന്റെ തീവൃത അറിയിച്ച്‌ രചിക്കുകയുമുണ്ടായി. അത്തരം രചനകൾക്ക് പോലും കാരണമായത് കടലിന്റെ മക്കളുടെ ചരിത്രപരമായ തീരുമാനത്തിൽ നിന്നുമാണ്.

നമ്മുടെ ചിന്തകളും തീരുമാനങ്ങളും ചരിത്രപരമാകട്ടെ. സാഹോദര്യ സ്നേഹവും കടപ്പാടും തിരിച്ചു തുറന്നു കാട്ടാനുള്ള അവസരം എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണം. ഒന്നിച്ചുള്ള അതിജീവനത്തിന്. ഇത് ഒരു സുവർണ്ണാവസരം.

Trending News