ഇടുക്കി: കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് ടൂർ പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സെപ്റ്റംബർ 1നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കേരളത്തിനു പുറത്തു വിനോദ യാത്ര പോയത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി 13 പേർക്ക് എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടീസ് നൽകി.
മുൻകൂർ അനുമതി ഇല്ലാതെയായിരുന്നു ജീവനക്കാരുടെ അവധിയെടുത്തുള്ള ടൂർ. അന്നേ ദിവസം പീരുമേട് 16 മണിക്കൂറാണ് ഇരുട്ടിലായത്. സെപ്റ്റംബർ 1ന് ഉച്ച കഴിഞ്ഞ് ഹാജർ ബുക്കിൽ ഒപ്പിടാത്തവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഒന്നാം തീയതി രാത്രി സെക്ഷൻ ഓഫീസിൽ ടെലിഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.
ALSO READ: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ചു; പ്രതി നാട്ടുകാരൻ, തിരിച്ചറിഞ്ഞെന്ന് പോലീസ്
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പീരുമേട്ടിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി മുടങ്ങിയത്. ജീവനക്കാരുടെ ടൂർ കാരണം പീരുമേട് ഫീഡർ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളെല്ലാം ഇരുട്ടിലായി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിൽ എത്തിയ നിരവധി സഞ്ചാരികളും ബുദ്ധിമുട്ടിലായി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി വരാതായതോടെ പോത്തുപാറയിലെ സെക്ഷൻ ഓഫീസിലേക്ക് നിരന്തരം ഫോൺ വിളികളെത്തി. എല്ലാവരും ടൂർ പോയെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്. ഇതോടെ സംഭവം വിവാദമായി. രാത്രിയോടെ വനിതാ സബ് എൻജിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജിനീയറുടേയും നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ ജീവനക്കാരുടെ അഭാവം കാരണം പ്രശ്നം കണ്ടെത്തി പരിഹരിക്കാനായില്ല. തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് പീരുമേട്ടിൽ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...