കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് ബദല്‍ എന്ന ലക്ഷ്യവുമായി മമത ബാനര്‍ജി നടത്തുന്ന നീക്കങ്ങള്‍ കേരളത്തിലും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി, മമത ബാനര്‍ജിയുടെ കേരള സന്ദര്‍ശനവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഫെബ്രുവരിയില്‍ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആയിരിക്കും മമത ബാനര്‍ജി കേരളത്തിലെത്തുക എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
മമത എത്തുന്നതിന് മുമ്പ് സംസ്ഥാനത്തെ 14 ജില്ലകളിലും പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സി ജി ഉണ്ണിയെ ആണ് സംസ്ഥാന കണ്‍വീനര്‍ എന്ന നിലയില്‍ ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്. പാലക്കാടും വയനാടും നിലവില്‍ പുതിയ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
'കാള്‍ ദീദി, സേവ് ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബാനര്‍ജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. കേരളത്തില്‍ 'ദീദി വരും, ദുരിതം മാറും' എന്ന പേരിലാണ് ഈ കാമ്പയിന്‍ നടത്തുന്നത്. ഈ കാമ്പയിന്റെ ഭാഗമായി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 15 പോഷക സംഘടനകളും നിലവില്‍ വരാന്‍ പോവുകയാണ്. യുവാക്കള്‍, സ്ത്രീകള്‍, അതിഥി തൊഴിലാളികള്‍, ട്രാന്‍സ് ജെന്‍ഡറുകള്‍, കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, ഭിന്നശേഷിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, കായിക താരങ്ങള്‍, അഭിഭാഷകന്‍, പ്രവാസികള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള സംഘടനകളാണ് രൂപീകരിക്കുന്നത്. ഡിസംബര്‍ 28 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗതതില്‍ പോഷക സംഘടനകളുടെ ഭാരവാഹികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.
കോണ്‍ഗ്രസിലേയും മറ്റ് പാര്‍ട്ടികളിലേയും അസംതൃപ്തരെ ലക്ഷ്യം വച്ചാണ് കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. അതിനിടെ എല്‍ഡിഎഫ് ഘടകക്ഷിയായ ഐഎന്‍എലിലെ ഒരുവിഭാഗം അസംതൃപ്തരും തൃണമൂലില്‍ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. കേരളത്തില്‍ അടുത്തതായി നിലവില്‍ വരുന്ന ജില്ലാ കമ്മിറ്റി ഇവരുടെ പിന്തുണയോടെ ആകുമെന്നും വിവരമുണ്ട്. ഐഎന്‍എലിനുള്ളിലെ വിഭാഗീയതയില്‍ കടുത്ത വിയോജിപ്പുമായാണ് ഇവര്‍ പുറത്ത് വരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണി രൂപീകരണവും മമത ബാനര്‍ജി ലക്ഷ്യമിടുന്നുണ്ട്. യുഡിഎഫിലേയും എന്‍ഡിഎയിലേയും അസംതൃപ്തരില്‍ പ്രതീക്ഷയര്‍പിച്ചുകൊണ്ടാണിത്. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന ഘട്ടം വന്നാല്‍, യുഡിഎഫിലെ ചില പ്രബലര്‍ പോലും തൃണമൂല്‍ മുന്നണിയിലേക്ക് എത്തിയേക്കും എന്നാണ് സൂചന. യുഡിഎഫ് വിട്ട് എന്‍ഡിഎ ക്യാമ്പിലെത്തിയ ചിലരുമായി ഇപ്പോള്‍ തന്നെ തൃണമൂല്‍ ക്യാമ്പ് ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളേയും ജനപ്രതിനിധികളേയും അടര്‍ത്തിയെടുത്തുകൊണ്ടാണ് മമത ശക്തിപ്രകടനം നടത്തുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് ഇത്തരം നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിന്റെ ചുമതലയും പ്രശാന്ത് കിഷോറിന് തന്നെയാണ്. കേരളത്തില്‍ നിന്നുള്ള ചില പ്രമുഖ നേതാക്കളുമായും ഇത്തരത്തില്‍ ആശയവിനിമയം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തൃണമൂല്‍ കേന്ദ്രങ്ങളോ കോണ്‍ഗ്രസ് നേതാക്കളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിലെ രണ്ട് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ തൃണമൂലിലേക്ക് എത്തിയേക്കുമെന്ന പ്രചാരണവും ഇപ്പോള്‍ ശക്തമാണ്.
ദേശീയ തലത്തിൽ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമെങ്കിലും, പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഏറ്റവും ശക്തമായിതൃണമൂൽ കോൺഗ്രസിനെ എതിർത്തുവരികയാണ്. സിപിഎമ്മിനെ സംബന്ധിച്ച് ബിജെപിയെ പോലെ ബദ്ധശത്രുക്കളാണ് തൃണമൂൽ കോൺഗ്രസ്. അതുകൊണ്ട് തന്നെ കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഏതെങ്കിലും വിധത്തിൽ വേരോട്ടം നടത്തുന്നത് സിപിഎമ്മിനെ ചൊടിപ്പിക്കും.