മല കയറാതെ മടക്കം...

ഒടുക്കം മടങ്ങിപ്പോകാന്‍ തീരുമാനിച്ച് തൃപ്തി ദേശായി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അവര്‍ ഈ തീരുമാനത്തിന് കാരണമായി പറഞ്ഞത്. പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്.

Last Updated : Nov 16, 2018, 06:20 PM IST
മല കയറാതെ മടക്കം...

കൊച്ചി: ഒടുക്കം മടങ്ങിപ്പോകാന്‍ തീരുമാനിച്ച് തൃപ്തി ദേശായി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അവര്‍ ഈ തീരുമാനത്തിന് കാരണമായി പറഞ്ഞത്. പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്.

14 മണിക്കൂറിലധികം വിമാനത്താവളത്തില്‍ ചിലവഴിച്ചശേഷം, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൃപ്തി ദേശായി മടങ്ങാനുള്ള തീരുമാനം അറിയിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് ഇന്ന് വൈകിട്ട് നാല് മണി വരെ തൃപ്തി ദേശായി നിലപാടെടുത്തത്.

പുലര്‍ച്ചയ്ക്ക് വിമാനമിറങ്ങിയ തൃപ്തിയ്ക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്‍റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ കൊച്ചിയില്‍ എത്തിയത്. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു തൃപ്തിയും സംഘവും. 

മടങ്ങിപ്പോയാലും കൂടുതല്‍ ഒരുക്കം നടത്തി മല കയറാന്‍ വീണ്ടും എത്തും. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് താന്‍ പോരാടുന്നതെന്നും തൃപ്തി വ്യക്തമാക്കി. ഇന്ന് രാത്രി 9:30 ന് മടങ്ങുമെന്നാണ് അവര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. 

ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകണോയെന്ന കാര്യം ഇന്ന് വൈകുന്നേരം ആറരയോടെ തീരുമാനിക്കുമെന്ന് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. 

അതേസമയം, നെടുമ്പാശ്ശേരിയില്‍ സമരം തുടരുന്നത് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തൃപ്തി ദേശായിയെയും പ്രതിഷേധക്കാരെയും നീക്കം ചെയ്യണമെന്ന് സിയാല്‍ അധികൃതര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. 

പ്രതിഷേധത്തിനിടെ തൃപ്തിയെയും സംഘത്തെയും കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

 

 

Trending News