കൊച്ചി: ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്നും അവര്‍ ചോദിച്ചു.
താന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് അച്ഛേദിന്‍ നല്‍കുമെന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കൊടികളുമായി അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഇക്കൂട്ടര്‍ ഭക്തരല്ല, ഗുണ്ടകളാണ്. തനിക്ക് വിഐപി സുരക്ഷ നല്‍കണമെന്ന് കേരള സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ കാലുകുത്തിയാല്‍ കഷണങ്ങളായി വെട്ടിനുറുക്കുമെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന ഭീഷണി സന്ദേശങ്ങള്‍. ക്ഷേത്രദര്‍ശനം നടത്താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും ചിലര്‍ ഭീഷണി മുഴക്കി. ഈ സാഹചര്യത്തില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം കേരള പൊലീസിനും സര്‍ക്കാരിനുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.
തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനവും സുരക്ഷയും നല്‍കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.