തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് UAPA ചുമത്തി 2 അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ 14ന് ഹൈക്കോടതി പരിഗണിക്കും.
ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
അതേസമയം, യുവാക്കളുടെ മേല്‍ UAPA ചുമത്തിയ നടപടിയില്‍ CPM കൈകഴുകി. പാര്‍ട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമെന്നും വ്യക്തമാക്കി.
അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ CPM പ്രവര്‍ത്തകരെങ്കിലും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇവരുടെ മാവോയിസ്റ്റ് ബന്ധം കോടതി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പാര്‍ട്ടി ഇവരെ കൈയൊഴിഞ്ഞത്. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും, UAPA പിന്‍വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ൦ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. കൂടാതെ, ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമോ എന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റിയ്ക്ക് തീരുമാനിക്കാമെന്നും യോഗം തീരുമാനിച്ചു.
അതേസമയം, അറസ്റ്റിലായ യുവക്കളിലൊരാളായ അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്‍റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറയുന്നു. അലന്‍റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
മാവോയിസ്റ്റ് ബന്ധം കൂടുതല്‍ വിശാലമായ അന്വേഷണത്തിലേയ്ക്ക് നീങ്ങുകയാണ്. തെളിവുകള്‍ പരിശോധിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് സൂചന.
കഴിഞ്ഞ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായത്.
സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.