Thiruvananthapuram : കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ഫേസ്‌ബുക്കിലൂടെയാണ് വി ശിവൻക്കുട്ടി ആരോപണം ഉന്നയിച്ചത്. വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്‌ബുക്ക് കുറുപ്പിന്റെ പൂർണരൂപം
കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് . വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒക്കചങ്ങായിമാരാണ്.
കേരളം വലിയൊരു വികസനക്കുതിപ്പിലാണ്. അസാധ്യമെന്ന് തോന്നുന്ന പദ്ധതികൾ കേരളത്തിൽ നടപ്പാകുന്നു. ഗെയിൽ പൈപ്പ് ലൈൻ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത് തടയാൻ പ്രതിപക്ഷം ആവത് ശ്രമിച്ചു. എന്നാൽ നിശ്ചയദാർഢ്യത്തോടെ സർക്കാർ വികസന പദ്ധതികൾ ഓരോന്നായി നടപ്പാക്കുന്നു.
കേരളത്തിലെ വികസന പദ്ധതികൾക്കെതിരെയുള്ള ക്യാമ്പയിനിൽ ആണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി മുരളീധരൻ ചിന്തിക്കണം. കേന്ദ്ര മന്ത്രി എന്ന നിലയിൽ നാടിന് നല്ലത് ചെയ്യാൻ ആണ് വി മുരളീധരൻ ശ്രമിക്കേണ്ടത്.
2008 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെർമിനലിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് 15 വർഷമായിട്ടും റെയിൽവേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആണ് വി മുരളീധരൻ ശ്രമിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...