വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി തള്ളി

ശ്രീജിത്തിന്‍റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു

Last Updated : Jun 20, 2018, 12:22 PM IST
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി തള്ളി

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്നുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളി.

വരാപ്പുഴ കേസില്‍ ഗൗരവതരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭാവത്തിലുള്‍പ്പെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിലെ അന്വേഷണം തൃപ്തികരമാണ്. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം ആവശ്യമില്ല'. പിണറായി സഭയില്‍ വ്യക്തമാക്കി.

അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന പ്രശ്നമില്ലെന്നും തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അന്വേഷണ സംഘത്തിന് പൂര്‍ണ്ണ അധികാരമുണ്ടെന്നും സൂചിപ്പിച്ച മുഖ്യമന്ത്രി, ശ്രീജിത്തിന്‍റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. 

Trending News