Trivandrum: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം.പതിനാല് ജില്ലകളിലുമായി 45313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‍ടോപ്പുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സംവിധാനം. മൂന്നുവര്‍ഷ വാറണ്ടിയോടെയുള്ള ലാപ്‍ടോപ്പുകളില്‍ കൈറ്റിന്റെ മുഴുവന്‍ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ആപ്ലിക്കേഷനുകളും പ്രീ-ലോഡു ചെയ്താണ് സ്കൂളുകള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്നത്.
Also Read: Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു
ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്ന രൂപത്തില്‍ സ്കൂളുകളില്‍ നിന്നും നേരത്തെ'സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ഉപകരണങ്ങള്‍ ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയ കുട്ടികള്‍ക്കാണ് ലാപ്‍ടോപ്പുകള്‍ നല്‍കുക. ഇതിനായി സ്കൂളുകളും രക്ഷിതാവും തമ്മില്‍ ധാരണാപത്രം ഒപ്പുവെയ്ക്കും. ഒരു ലാപ്‍ടോപ്പിന് നികുതിയുള്‍പ്പെടെ 18,000/- രൂപ എന്ന നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഇനി പൊതുവിഭാഗത്തിലുള്ളതും, ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിലുള്ളതുമായ ഏകദേശം 3.5 ലക്ഷം കുട്ടികളാണുള്ളത്. ഇവര്‍ക്ക് ഘട്ടംഘട്ടമായി ഉപകരണങ്ങള്‍ നല്‍കി സ്കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠന സാധ്യതകൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...