കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ധർമ്മരാജ് റസാലത്തിന്‍റെ വിദേശയാത്ര തടഞ്ഞ് ഇ.ഡി; കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

. നാളെ എൻഫോഴ്സ്മെൻ്റ് കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 12:43 PM IST
  • ധർമ്മരാജ് റസാലത്തിന്‍റെ വിദേശയാത്ര തടഞ്ഞ് ഇ.ഡി
  • 13 മണിക്കൂറോളമാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്
  • കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്;  ധർമ്മരാജ് റസാലത്തിന്‍റെ വിദേശയാത്ര തടഞ്ഞ് ഇ.ഡി; കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലത്തിന്‍റെ വിദേശയാത്ര തടഞ്ഞ് ഇ.ഡി. നാലിടങ്ങളിലായി നടന്ന പരിശോധനയിൽ 13 മണിക്കൂറോളമാണ് ബിഷപ്പിനെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ബിഷപ്പ് യു.കെയിലേക്ക് പോകാനിരിക്കെകയായിരുന്നു ചോദ്യം ചെയ്യൽ. രാത്രി ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. നാളെ എൻഫോഴ്സ്മെൻ്റ് കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്.

കാരക്കോണം മെഡിക്കൽ കോളേജിൽ മെഡിക്കൽ അഡ്മിഷനു വേണ്ടി തലവരി പണം വാങ്ങിയ കേസിലും വിദേശ വിനിമയ നാണ്യചട്ടം ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലുമാണ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ബിഷപ്പിനെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാന മന്ദിരമായ പാളയം എൽഎംഎസിലും കാരക്കോണം മെഡിക്കൽ കോളേജിലും പരിശോധന നടന്നു.ഇതിനു പുറമേ, കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും  പരിശോധന നടത്തി. 

കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. പല തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം അനധികൃത ഇടപാട് നടന്നതായി മനസ്സിലാക്കിയ കേന്ദ്രങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തിയത്.

കഴിഞ്ഞദിവസം ചോദ്യം ചെയ്യൽ അവസാനിച്ച ശേഷം യു.കെ.യിലേക്ക് പോകാൻ റസാലം ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അത് തടയുകയായിരുന്നു. വിദേശത്തേക്ക് പോകരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കാര്യങ്ങൾ ആരായാനുമായി കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. സംഭവത്തിൽ വൻതോതിൽ അഴിമതിയും സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ തന്നെ അന്വേഷണം തുടരുമെന്നതാണ് ഇ.ഡി.വൃത്തങ്ങൾ നൽകുന്ന സൂചന

ഇ.ഡി പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും മുഖാമുഖം എത്തിയിരുന്നു.  ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം, സഭയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം. 

കഴിഞ്ഞദിവസം പോലീസിനോടും മാധ്യമപ്രവർത്തകരോടും സഭ ആസ്ഥാനമായ എൽഎംഎസ് കോമ്പൗണ്ടിൽ നിന്ന് മാറിനിൽക്കാൻ സഭാ അധികൃതർ ആവശ്യപ്പെട്ടിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു കഴിഞ്ഞദിവസം സഭ വ്യക്തമാക്കിയിരുന്നത്. കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്ന കേസിൽ നേരത്തെ വെളളറട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പണം തിരിമറി നടന്നതുമായി ബന്ധപ്പെട്ട ബിഷപ്പിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഭാംഗമായ വി.ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലായിരുന്നു പോലീസ് നടത്തിയിരുന്ന അന്വേഷണം ഇഡി ഏറ്റെടുത്തതായി കോടതി ഇദ്ദേഹത്തെ അറിയിച്ചത്.

ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണും കുടുംബവും തലസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭ്യമായിട്ടില്ല. കള്ളപ്പണ കേസിൽ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‍പോർട്ട് കാലാവധി ഒരു വർഷം മുമ്പ് അവസാനിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News