പത്തനംതിട്ട : കുളിപ്പിക്കാൻ പമ്പയാറ്റിലെത്തിച്ച ആന പുഴയിൽ ചാടി. പത്തനംതിട്ട അയിരൂലാണ് സംഭവം. പ്രദേശത്തെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് കുളിപ്പിക്കാൻ നേരത്ത് ഇടഞ്ഞ് പുഴയിലേക്ക് ചാടിയത്. പിന്നീട് നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ സീതയെ കരയ്ക്കെത്തികയായിരുന്നു.
കൂപ്പിൽ തടി പിടിപ്പിക്കാൻ എത്തിച്ചതിന് ശേഷം പുഴയിൽ കുളിപ്പിക്കുന്ന നേരത്താണ് സീത പുഴയിലേക്ക് ചാടുന്നത്. പ്രത്യേക പ്രകോപനമൊന്നുമില്ലാതെയാണ് ആന പുഴയിലേക്ക് ചാടിയതെന്ന് പാപ്പന്മാർ പറയുന്നു. അതിനിടെ ആനയെ പാപ്പന്മാർ ഒരു തവണ കരയിൽ എത്തിച്ചെങ്കിലും സീത വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി പോകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയുടെ പക്കൽ നിന്നാണ് അയിരൂരിലെ ആനപ്രേമികൾ ആനയെ പാട്ടത്തിന് വാങ്ങിയത്. ആനയെ നാളെ തന്നെ ഉടമസ്ഥന്റെ പക്കൽ ഏൽപ്പിക്കാൻ വന വകുപ്പ് നിർദേശം നൽകുകയും ചെയ്തു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും ആന സ്യഷ്ടിക്കാതിരുന്നതിനാൽ കേസെടുക്കുന്നില്ലയെന്നും വനം വകുപ്പ് അറിയിച്ചു.
ആന പുഴയിൽ ചാടിയ വിവരം അറിഞ്ഞ നിരവധി പേരെത്തുകയും ചെയ്തു. ആൾക്കൂട്ടം വർധിച്ചതോടെ ആനയെ കരയ്ക്കെത്തിക്കുന്നത് കൂടുതൽ വിഷമകരമായി. ഇതിനോടകം ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വീഡിയോ കാണാം:
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.