തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടൽ മേഖലയിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴയാണു പെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് ദുരന്തമുണ്ടായ ഘട്ടത്തിൽ നിലനിന്നിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളിൽ 372 മില്ലിമീറ്റർ മഴയാണ് ഈ പ്രദേശത് ആകെ പെയ്തത്.
48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ല. എന്നാൽ അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലർട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നൽകുന്നത്.
ജൂലൈ 23 മുതൽ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നൽകിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാൽ അതിൽ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേർട് പോലും നൽകിയിട്ടില്ല എന്നതാണ് വസ്തുത. ജൂലായ് 29 ന് ഉച്ചക്ക് ഒരു മണിക്ക് നൽകിയ മുന്നറിയിപ്പിൽ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേർട് മാത്രമാണ് നൽകിയത്.
വയനാട്ടിൽ ഉരുൾപൊട്ടൽ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടിൽ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേർട്ടും പ്രഖ്യാപിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ലാൻഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതേ ദിവസം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചിൽ/ഉരുൾ പൊട്ടൽ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പിൽ പച്ച അലേർട്ട് ആണ് നല്കിയിട്ടുള്ളത്.
പച്ച എന്ന ചെറിയ മണ്ണിടിച്ചിൽ/ഉരുൾ പൊട്ടൽ ഉണ്ടാകുവാൻ ഉള്ള സാധ്യത എന്നാണ് അർത്ഥം. എന്നാൽ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു. മറ്റൊരു കേന്ദ്ര സർക്കാർ ഏജൻസിയായ കേന്ദ്ര ജലകമ്മീഷൻ ആണ് പ്രളയമുന്നറിയിപ്പ് നൽകാൻ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം.
എന്നാൽ ജൂലൈ 23 മുതൽ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷൻ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരളം മുൻകൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഴക്കാലം തുടങ്ങുമ്പോൾ തന്നെ എൻ ഡി ആർ എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എൻ.ഡി.ആർ.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയിൽ ഇതിൽ ഒരു സംഘത്തെ സർക്കാർ മുൻകൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.
കാലവർഷം ആരംഭിച്ച ദിവസം മുതൽ വിവിധതരത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഓരോ പ്രദേശത്തും ഒരുക്കിയിട്ടുമുണ്ട്. ഇന്നലെ സൂചിപ്പിച്ചതുപോലെ സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ച് റെഡ് സോണിന്റെ ഭാഗമായിട്ടുള്ള ഇടങ്ങളിൽ മുന്നറിയിപ്പുകൾ നൽകുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവിടെ മാത്രമല്ല പ്രളയ സാധ്യതയും ഉരുൾപൊട്ടൽ അടക്കമുള്ള മറ്റു പ്രകൃതിക്ഷോഭങ്ങൾക്കും സാധ്യതയുണ്ടെന്ന് മുൻകൂട്ടി വിവരം ലഭിച്ച പ്രദേശങ്ങളിലെല്ലാം ഇത്തരം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറേ അപകടം ഒഴിവാക്കാനായിട്ടുണ്ട്. എന്നാൽ ഈ ദുരന്തം ആരംഭിച്ച പ്രഭവ കേന്ദ്രം അവിടെ നിന്ന് ആറേഴ് കിലോമീറ്റർ ഇപ്പുറത്താണ്. അത്തരമൊരു സ്ഥലത്ത് ഇത്തരം ദുരന്തം സാധാരണ ഗതിയിൽ ആരും പ്രതീക്ഷിക്കുന്നില്ല. അവരെ ഒഴുവാക്കുകയെന്നുള്ളതും സാധാരണ ഗതിയിൽ ചിന്തിക്കുന്ന കാര്യമല്ല. അതാണ് സംഭവിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങൾ പൂർണമായി ഉൾക്കൊള്ളാനും പ്രതിരോധിക്കാനുമുള്ള നടപടികളിലേക്ക് നമ്മൾ കടക്കണം. ഇങ്ങനെയെല്ലാം പ്രശ്നം ഉണ്ടാകുമ്പോൾ ആരുടെയെങ്കിലും പെടലിക്കിട്ട് അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയത് കൊണ്ട് കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? കേന്ദ്ര ഗവൺമെൻറും ഇക്കാര്യം ഗൗരവമായി ആലോചിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഫലപ്രദമായ നടപടികളിലേക്കാണ് കടക്കേണ്ടത്.
പഴിചാരേണ്ട ഘട്ടമല്ല. ദുരന്തമുഖത്തെ ഹതാശരായ ജനങ്ങൾ നിരാലംബരായി കഴിയുകയാണ്. അവരെ സഹായിക്കുക, രക്ഷിക്കേണ്ടവരെ രക്ഷിക്കുക, മണ്ണിനടിയിൽ കിടക്കുന്നവരെയടക്കം കണ്ടെത്തുക, അതിന് കുട്ടായ ശ്രമം നടത്തുക, ആ പ്രദേശത്തെ വീണ്ടെടുക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുക, അവിടെ നഷ്ടപ്പെട്ടു പോയ ഗ്രാമത്തെ വീണ്ടെടുക്കുക. ഇതിനെല്ലാം ഒരുമിച്ചു നിൽക്കുകയാണ് ഈ ഘട്ടത്തിൽ പരമപ്രധാനം. ഇതിനാണ് സംസ്ഥാന സർക്കാർ മുൻതുക്കം കൊടുക്കുന്നത്. അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.