Wayanad Landslide: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നു

Wayanad Landslide Updates: തിരിച്ചറിയാത്ത 27 മൃതദേഹങ്ങളുടേയും 154 ശരീര ഭാഗങ്ങളുടേയും സംസ്കാരം ഹാരിസൺ മലയാളം ലിമിറ്റർ് പ്ലാന്റേഷനിൽ നടന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 10:11 PM IST
  • വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്.
  • മുണ്ടക്കൈ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്.
  • 14 ഹിറ്റാച്ചികള്‍ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.
Wayanad Landslide: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നു

വയനാട് ദുരന്തഭൂമിയില്‍ ഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഹാരിസണ്‍ മലയാളം  ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. മൃതശരീരങ്ങള്‍ തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നു. ഇതുരെ 83 രക്ത സാമ്പിളുകള്‍ ശേഖരിച്ചു. 

ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേര്‍ പങ്കെടുത്തു. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പുഞ്ചിരിമട്ടം മേഖലയില്‍ 119 സേനാംഗങ്ങളെയാണ് വിന്യസിച്ചത്. രണ്ടു ഹിറ്റാച്ചികള്‍ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. മുണ്ടക്കൈ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ഹിറ്റാച്ചികള്‍ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു. 

ALSO READ: വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് പരിശോധന

സ്കൂള്‍ റോഡിലും പരിസരത്തും കൂടുതല്‍ യന്ത്രങ്ങള്‍ പരിശോധനയ്ക്കെത്തിച്ചു. 25 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്ക്വാഡ്, കരസേനയുടെ ഡോഗ് സ്ക്വാ‍ഡ്, തമിഴ്നാട് ഫയര്‍സര്‍വീസിന്‍റെ ഡോഗ് സ്ക്വാഡ് എന്നിവയും തെരച്ചിലില്‍ പങ്കുചേര്‍ന്നു. 276 സേനാംഗങ്ങള്‍ ചൂരല്‍മല ടൗണിലും പരിസരത്തും തിരച്ചില്‍ നടത്തി. തമിഴ്നാട് ഡോഗ് സ്ക്വാഡും ഇവിടെ തെരച്ചില്‍ നടത്തി. 

110 പേരടങ്ങിയ സംഘം ഒമ്പതു ഹിറ്റാച്ചികള്‍ ഉപയോഗിച്ച് വില്ലേജ് പരിസരത്ത് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വനംവകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ 101 പേര്‍ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തില്‍ നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍  ജില്ലാ കളക്ടര്‍ ‍ഡി.ആര്‍ മേഘശ്രീയുടെ സാന്നിധ്യത്തിൽ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവര്‍ ക്യാമ്പുകളും ദുരിതബാധിത മേഖലകളും സന്ദർശിച്ചു. എ.ഡി.എം കെ ദേവകിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്ന് 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News