ഇടുക്കി: പൂപ്പാറ മൂലത്തറയിൽ കാട്ടനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.
ഇതിന് മുന്‍പും പലവട്ടം കാട്ടാന ഇവിടെ ആളുകളെ കൊന്നിട്ടുണ്ട്. കാട്ടാനശല്ല്യം തടയാൻ ഇവിടെ ഇരുമ്പ് വേലി കെട്ടണമെന്ന് നാട്ടുകാർ പണ്ടേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല.
വേലുവിന്‍റെ മരണത്തോടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് നാട്ടുകാരിപ്പോൾ. മരണവിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് എത്തിയതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ജില്ലാ കളക്ടർ നേരിട്ടെത്തിയാൽ മാത്രമേ ഉപരോധം പിൻവലിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.