ഇടുക്കി: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യ എം.കെ.ഷീജയെ (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഷീജയെ ഭർത്താവ് ജോബിഷ് മദ്യപിച്ചെത്തിയ ശേഷം മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കൂടാതെ ജോബിഷിൻഫെ മാതാപിതാക്കളും വഴക്കിട്ടിരുന്നതായി ഷീജ പറഞ്ഞിരുന്നുവെന്ന് സഹോദരൻ അരുൺ ആരോപിച്ചു.
2021 നവംബർ പതിമൂന്നിനായിരുന്നു ജോബിഷിന്റെയും ഷീജയുടെയും വിവാഹം നടന്നത്. തനിക്ക് ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അരുൺ ആരോപിക്കുന്നു. ഓണത്തിന് മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ ജോബിഷ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് തിരുവോണ ദിവസം ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും മടങ്ങി പോയിരുന്നു.
Also Read: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചവരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മേയർക്കെതിരെ സിപിഎം നേതൃത്വം
ഇന്നലെ (സെപ്റ്റംബർ 9) രാവിലെ ജോബിഷ് വിളിച്ചതിനെ തുടർന്ന് ഷീജയുടെ സഹോദരൻ അരുൺ വളകോട്ടിലെ വീട്ടിലെത്തി. ഷീജയെ കുറിച്ച് അന്വേഷിച്ചപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്ന് അറിയിച്ചു. അരുൺ ഉപ്പുതറ സർക്കാർ ആശിപത്രിയിൽ എത്തിയപ്പോഴാണ് ഷീജയുടെ മരണ വിവരം അറിയുന്നത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു
ആലപ്പുഴ: അച്ചൻകോവിൽ ആറിൽ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു. നാല് പേരെ കാണാതായി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യൻ ആണ് മരിച്ചത്. ചെറുകോൽ മനാശെരിൽ ബിനീഷ്, ചെന്നിത്തല സ്വദേശി വൃന്ദാവനത്തിൽ രാഗേഷ് എന്നിവർ ഉൾപ്പെടെ നാല് പേരെ കാണാതായി. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. പള്ളിയോടത്തിൽ നിരവധി കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. ഇത് സാധൂകരിക്കും വിധമുള്ളതാണ് അപകട സമയത്തെ ദൃശ്യങ്ങൾ.
ആറിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. നിരവധി പേർ ആറ്റിൽ വീണെങ്കിലും അവരെയെല്ലാം ഇതിനോടകം രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടി പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സജി ചെറിയാൻ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...