അതിരപ്പിള്ളി: കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറയില്‍ മതിയുടെ ഭാര്യ കൈലാസമാണ് ഇന്നലെ വൈകീട്ട് ആറരയോടെയുണ്ടായ ആക്രമണത്തില്‍ മരിച്ചത്. തോട്ടം തൊഴിലാളിയായ വീട്ടമ്മയെ തുണികഴുകുന്നതിനിടിയിലാണ് പുലി പിടിച്ചത്. തുടര്‍ന്ന് ലയത്തിന് സമീപത്തെ പൊന്തക്കാട്ടിനുള്ളിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
കൈലാസം തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ വീട്ടുക്കാര്‍ അലക്ക് കല്ലിനടുത്ത് കണ്ട ചോരത്തുള്ളികള്‍ പിന്തുടരുകയും അമ്പത് മീറ്റര്‍ അകലെ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വീട്ടമ്മയുടെ കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളുമുണ്ട്.
കുറച്ചുനാളായി ഇവിടെ രൂക്ഷമായി തുടരുന്ന പുലിയുടെ ശല്യം സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. രണ്ടാഴ്ച മുന്‍പ് വാല്‍പ്പാറയില്‍ പുലി പിടിച്ച പതിനൊന്നുകാരിയെ രക്ഷപെടുത്തിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും പ്രദേശത്ത് സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് തവണയാണ് പ്രദേശത്ത് പുലിയിറങ്ങിയത്.