ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മെഡിക്കൽ ത്രില്ലർ ചിത്രം അബ്രഹാം ഓസ്ലറിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. 2022ൽ ഇറങ്ങിയ മകൾ എന്ന് സത്യൻ അന്തിക്കാട് ചിത്രത്തിന് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. ചിത്രത്തിൽ ടൈറ്റൽ കഥാപാത്രമായിട്ടാണ് ജയറാമെത്തുക. നാളെ മെയ് 20ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസനും സംവിധായകൻ മിഥുൻ മാനുവലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോ. റൺധീർ കൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ സിനിമകളുടെ ഛായാഗ്രഹകനായ തേനി ഈശ്വരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ALSO READ : Mindpower Manikkuttan: സുധീഷ് പ്രധാന വേഷത്തിലെത്തുന്ന 'മൈൻഡ്പവർ മണിക്കുട്ടൻ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ
ജയറാമിന് പുറമെ അർജുൻ അശോകൻ, സൈജു കുറുപ്പ്, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, സായി കുമാർ, ആര്യ സലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സൈജു ശ്രീധരനാണ് എഡിറ്റർ. ഗോകുൽ ദാസാണ് കല സംവിധായകൻ.
അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിന് ശേഷം മിഥുന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് അബ്രഹാം ഓസ്ലർ. കൂടാതെ മറ്റൊരു തിരക്കഥയ്ക്ക് ആദ്യമായിട്ടാണ് മിഥുൻ ആക്ഷൻ പറയുന്നതെന്നും ജയറാമിന്റെ ചിത്രത്തിന്റെ പ്രത്യേകതയാണ്.
അതേസമയം മിഥുൻ മാനുവലിന്റെ രചനയിൽ രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുനാണ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഫീനിക്സ്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗരുഡൻ എന്ന ചിത്രമാണ് മിഥുന്റെ രചനയിൽ ഒരുങ്ങുന്നത്. അരുണ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫെനാണ് നിർമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...