Jayasurya: 'പുതിയ ചോദ്യങ്ങളുണ്ടെങ്കിലേ പുതിയ ഉത്തരങ്ങൾ ഉണ്ടാകൂ'...അഭിമുഖങ്ങളിലെ ചോദ്യങ്ങളെ കുറിച്ച് ജയസൂര്യ

Actor Jayasurya: ഈശോ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിലാണ് ജയസൂര്യ അഭിമുഖങ്ങളിലെ ചോദ്യങ്ങളെ കുറിച്ച് പ്രതികരണം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 04:12 PM IST
  • അവതാരികയുടെ ചോദ്യങ്ങളിൽ പ്രകോപിതനായാണ് ശ്രീനാഥ് ഭാസി അവരോട് മോശമായി പെരുമാറിയത്.
  • ഈ ഒരു സംഭവത്തോടെ ഓൺലൈൻ മാധ്യമങ്ങളിലെ അഭിമുഖങ്ങളുടെ നിലവാരവും അതിലെ ചോദ്യങ്ങളുടെ നിലവാരവും ചർച്ചാവിഷയമായി മാറി.
  • അവതാരകരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു.
Jayasurya: 'പുതിയ ചോദ്യങ്ങളുണ്ടെങ്കിലേ പുതിയ ഉത്തരങ്ങൾ ഉണ്ടാകൂ'...അഭിമുഖങ്ങളിലെ ചോദ്യങ്ങളെ കുറിച്ച് ജയസൂര്യ

അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഒന്നാണ് അഭിമുഖങ്ങളിലെ ചോദ്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ. നിരവധി പേർ ഈ ഒരു ചർച്ച ഏറ്റെടുത്ത് രം​ഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുടെ പ്രശ്നത്തോടെയാണ് ഈ ഒരു ചർച്ച സമൂഹ മാധ്യമങ്ങളിൽ തരം​ഗമായത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെ അവതാരികയോടും അതിന്റെ അണിയറപ്രവർത്തകരോടും മോശമായി പെരുമാറിയതന്റെ പേരിൽ ശ്രീനാഥ് ബാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവതാരികയുടെ ചോദ്യങ്ങളിൽ പ്രകോപിതനായാണ് ശ്രീനാഥ് ഭാസി അവരോട് മോശമായി പെരുമാറിയത്. 

ഈ ഒരു സംഭവത്തോടെ ഓൺലൈൻ മാധ്യമങ്ങളിലെ അഭിമുഖങ്ങളുടെ നിലവാരവും അതിലെ ചോദ്യങ്ങളുടെ നിലവാരവും ചർച്ചാവിഷയമായി മാറി. അവതാരകരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇത്തരം അഭിമുഖങ്ങൾ യൂട്യൂബിൽ ഉൾപ്പെടെ ട്രെൻഡിങ് ആകുന്നവയാണ്. എങ്കിലും അത് എത്രത്തോളം നിലവാരം പുലർത്തുന്നു എന്നുള്ളതാണ് ചർച്ചയായത്. നിരവധി സെലിബ്രിറ്റികളും ഈ സംഭവത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിത നടൻ ജയസൂര്യ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. ഈശോ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിലാണ് ജയസൂര്യയുടെ പ്രതികരണം. സംവിധായകൻ നാദിർഷയും ജയസൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ടിനി ടോം ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

''ഒരാളുടെ വിലപ്പെട്ട സമയമാണ് ഒരു അഭിമുഖത്തിനായി നൽകുന്നത്. അങ്ങനെ സമയം തരുമ്പോൾ ആ അഭിമുഖം കഴിഞ്ഞ് അത് കാണുന്ന പ്രേക്ഷകന് എന്തെങ്കിലും ഒരു ഇൻഫർമേഷൻ കിട്ടിയാൽ ആ അഭിമുഖം വിജയിച്ചു എന്നാണ് അതിനർത്ഥം. ഒരു ടേക്ക് എവെ ആ ഇന്റർവ്യൂ കഴിഞ്ഞ് ഉണ്ടാകണം. ഹൃദയത്തിൽ കൊണ്ടുനടക്കാൻ, മറ്റൊരാളോട് പറയാൻ പറ്റുന്ന ഒരു പോയിന്റ് അതിൽ നിന്ന് കിട്ടണം. അങ്ങനെ കണ്ടന്റ് ഓറിയന്റഡ് ആയിട്ടുള്ള അഭിമുഖങ്ങൾ വേണം. സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ തുടങ്ങിയവരുെട അഭിമുഖങ്ങൾ നമ്മൾ കാണുന്നത് അതിൽ നിന്ന് പഠിക്കാനുള്ളത് കൊണ്ടാണ്. പേഴ്സണൽ ലൈഫിലേക്കും പ്രൊഫഷണൽ ലൈഫിലേക്കും പ്രാവർത്തികമാക്കാൻ സാധിക്കുന്ന എന്തെങ്കിലും അതിൽ നിന്ന് ഉണ്ടാകണം. അപ്പോൾ അത്തരത്തിലുള്ള ചോദ്യങ്ങളാണ് വേണ്ടത്. 

ഞാനും അവതാരകൻ ആയിട്ട് ഇരുന്നിട്ടുള്ളതാണ്. അടുത്ത ദിവസം അഭിമുഖമുണ്ടെങ്കിൽ തലേദിവസം ഉറങ്ങാതിരുന്ന് ചോദ്യം ഉണ്ടാക്കും. ആ വ്യക്തിയെ കുറിച്ച് പഠിക്കുക മാത്രമല്ല. എന്തെല്ലാം പുതിയ ചോദ്യങ്ങളുണ്ടാക്കാം, പുതിയ ചോദ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമെ പുതിയ ഉത്തരങ്ങൾ ഉണ്ടാകൂ. ആ ഉത്തരങ്ങൾ പുതിയ ആളുകൾക്ക് ​ഗുണം ചെയ്തേക്കും. ബാക്കിയുള്ള വിവരങ്ങളൊക്കെ ​ഗൂ​ഗിലിൽ തപ്പിയാലും നമുക്ക് കിട്ടും. പക്ഷേ ലൈഫിൽ നിന്ന് കിട്ടിയിട്ടുള്ള അനുഭവങ്ങൾ ​ഗൂ​ഗിളിൽ നിന്ന് കിട്ടില്ല. അത് അവതാരകർ വേണം ആ വ്യക്തിയിൽ നിന്ന് കണ്ടെത്താൻ. കണ്ടന്റ് ഓറിയന്റ് ആയിട്ടുള്ള ചോദ്യങ്ങളുണ്ടായാൽ ഞാൻ ഹാപ്പിയാണ്. ഏറ്റവും കൂടുതൽ ജനങ്ങലെ സ്വാധീനിക്കാൻ പറ്റിയ സ്പേസ് ആണ് ഓൺലൈൻ മാധ്യമം. അതിൽ വളരെ ബോറായിട്ടുള്ള ക്യാപ്ഷൻസ് ഇട്ട് കണ്ടന്റ് നൽകുമ്പോൾ ആളുകൾക്ക് നെ​ഗറ്റീവ് കാര്യങ്ങൾ മാത്രമാണ് കിട്ടുന്നത്. പോസിറ്റീവ് ആയിട്ടുള്ള ടൈറ്റിലുകൾ ഇട്ടാൽ ആരാണ് അത് നോക്കാത്തത്?'' എന്നാണ് ജയസൂര്യ ചോദിച്ചത്. 

Also Read: Eesho Movie OTT : ഈശോ നേരത്തെ എത്തി; ജയസൂര്യ ചിത്രം ഒടിടിയിൽ

ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ഈശോ. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം സോണി ലിവിൽ സ്ട്രീമിങ് തുടങ്ങി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തിരിക്കുന്നത്. വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ സോണി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുൺ നാരയണൺ പ്രൊഡക്ഷന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമിച്ചരിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രത്തിൻറെ സംഗീതം സംവിധായകനും. ബിജിഎം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ഒറ്റ നോട്ടത്തിൽ ത്രില്ലർ ടച്ചോടെയാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. നമിത പ്രമോദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News