യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ജയസൂര്യ. അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും റോൾ മോഡൽ എന്ന സ്ഥാനം ജയസൂര്യയ്ക്ക് ഇപ്പോൾ പ്രേക്ഷകർ നൽകുകയാണ്. അതിന്റെ പ്രധാന കാരണം ഇപ്പോൾ ജയസൂര്യ പറഞ്ഞ വാക്കുകളാണ്. സെക്സ് എഡ്യൂക്കേഷനെക്കുറിച്ചാണ് താരം ഇപ്പോൾ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യയുടെ ഈ തുറന്നുപറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
"സെക്സ് എഡ്യൂക്കേഷൻ വീടുകളിൽ തന്നെ നൽകണം. എന്റെ മകനുമായി ഞാൻ വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. എല്ലാ കാര്യങ്ങളും മകൻ എന്നോട് തുറന്ന് പറയാറുണ്ട്. അതിനുള്ള അവസരം ഞാൻ നൽകാറുമുണ്ട്. ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ നമ്മൾ മാതാപിതാക്കൾ വീടുകളിൽ വെച്ച് തന്നെ മാറ്റിയെടുക്കണം. പല വീടുകളിലും ആളുകൾ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ പോലും തയ്യാറാകാറില്ല. നമ്മൾ കുടുംബങ്ങളിൽ തന്നെ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന വ്യത്യാസം നോക്കാതെ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകിയിരിക്കണം. വീട്ടുകാർ ഇത്തരം കാര്യങ്ങൾ കുട്ടികളുമായി തുറന്നു സംസാരിക്കണം.
ഇത്തരം വിഷയങ്ങളിൽ സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ആയിരിക്കും എപ്പോഴും കുട്ടികൾക്ക് ഉണ്ടാവുക. അതുകൊണ്ടുതന്നെ തെറ്റായ കാര്യങ്ങൾ ആണ് പഠിക്കുന്നത് എങ്കിൽ പോലും ഇതൊക്കെ ശരിയാണ് എന്ന ഒരു ധാരണ കുട്ടികൾക്ക് ഉണ്ടാകും. കുട്ടികളെ അത് വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. അവർ പിന്നീട് അത്തരം പാതകളിലൂടെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളൊക്കെ വീട്ടിൽ നിന്നും പറഞ്ഞു കൊടുക്കാൻ സാധിച്ചാൽ അത് വളരെ നല്ല കാര്യമാണ്."
ജയസൂര്യയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. ചില ആരാധകരുടെ അഭിപ്രായം ഇങ്ങനെ "ചിലർക്ക് സെക്സ് എന്ന് പറയുന്നതെ മഹാപരാധമാണ് പിന്നെയാണ് സെക്സ് എഡ്യുക്കേഷന്റെ കാര്യം.. അവരൊക്കെ പഠിച്ചു വന്ന മതവിശ്വാസങ്ങളും ആചാരങ്ങളും കുട്ടികളെ അടിച്ചേൽപ്പിക്കുന്ന തിരക്കിലാണ്. അതിനിടയിൽ സെക്സ് എഡ്യുക്കേഷന്റെ ഉപയോഗം എന്താണന്ന് പോലും അറിയാത്ത അവർ എങ്ങനെയാണ് കുട്ടികളെ സെക്സ് എഡ്യുകേഷൻ പഠിപ്പിക്കുന്നെ ആദ്യം കേരളത്തിലെ കുറച്ചു മാതാപിതാക്കളെയും അദ്ധ്യാപകരെയും ബോധവത്ക്കരിപ്പിക്കുക, സെക്സ് എഡ്യുകേഷന്റെ പ്രാധാന്യവും ഗുണങ്ങളും ആദ്യം അറിയേണ്ടത് താൻ പഠിച്ച കാര്യങ്ങളൊക്കെ ശരിയാണന്ന് കരുതി കുട്ടികളെ അതേ പാതയിലൂടെ സഞ്ചരിപ്പിക്കുന്ന മാതാപിതാക്കൾ തന്നെയാണ്" എന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.