അങ്ങനെ മാർവലിന് സമാനമായി ഡി.സിയും ഒരു ഇന്‍റിപെന്‍റന്‍റ് സ്റ്റുഡിയോ ആയി മാറി. ആരാധകർ ഏതാണ്ട് 2013 മുതലേ കാത്തിരിക്കുന്ന ഒരു കാര്യമാണ് ഇത്. മുൻപ് വാർണർ ബ്രദേഴ്സിന്‍റെ ഭാഗമായാണ് ഡി.സിയുടെ ചിത്രങ്ങൾ റിലീസ് ചെയ്തുകൊണ്ടിരുന്നത്. അത് കാരണം പല തവണ ഡി.സിയുടെ ഡയറക്ടേഴ്സുമായി ക്രിയേറ്റീവ് ഡിഫറൻസ് പോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്നൈഡർ കട്ടുമായി ബന്ധപ്പെട്ടുണ്ടായ പുലിവാലുകൾ നമ്മൾ നേരിട്ട് കണ്ടതുമാണ്. വാർണർ ബ്രദേഴ്സ് ഡി.സിയുടെ അന്തകനാകുന്നു എന്ന് ആരോപിച്ച് പല ഡി.സി ആരാധകരും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഡി.സിയെ ഒരു സ്വതന്ത്രമായ സ്റ്റുഡിയോ ആക്കാൻ വാർണർ ബ്രദേഴ്സ് തീരുമാനിച്ചത്.
ഡി.സിയുടെ എതിരാളികളായ മാർവലിന് പണ്ട് മുതൽ തന്നെ സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു. കെവിൻ ഫീജിയുടെ നേതൃത്വത്തിലുള്ള മാർവൽ സ്റ്റുഡിയോസ് 2008 മുതൽ ബോക്സ് ഓഫീസുകളിൽ തരംഗം ഉണ്ടാക്കിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. ആരാധകർക്ക് എന്താണോ വേണ്ടത് അതിനപ്പുറം കൊടുക്കാൻ മാർവലിന് സാധിച്ചു. എന്നാൽ എതിർ വശത്ത് മാർവലിനെപ്പോലെ ഒരു സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ചെടുക്കാനാകാതെ കാലിടറുന്ന ഡി.സിയെയായിരുന്നു എല്ലാർക്കും കാണാൻ സാധിച്ചത്. ഇപ്പോൾ ഡി.സി സ്റ്റുഡിയോസ് ഔദ്യോഗികമായി നിലവിൽ വന്നതോടെ ഡി.സിയുടെ ഒരു ഉയർത്തെഴുന്നേൽപ്പ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഡി.സി സ്റ്റുഡിയോസിന്‍റെ തലപ്പത്ത് നിയമിച്ചിരിക്കുന്നത് ജനപ്രിയ സംവിധായകനായ ജെയിംസ് ഗണ്ണിനെയും നിർമ്മാതാവായ പീറ്റർ സഫ്റാനെയുമാണ്. ഡി.സിയുടെ ഹിറ്റ് ചിത്രമായ ദി സൂയിസൈഡ് സ്ക്വാഡും പീസ് മേക്കർ ടെലിവിഷൻ സീരീസും സംവിധാനം ചെയ്തിരിക്കുന്നത് ജെയിംസ് ഗണ്ണാണ്. ഹിറ്റ്മേക്കറായ ഈ സംവിധായകനും ഇന്‍റലിജന്‍റായ പീറ്റർ സഫ്റാനെപ്പോലെയുള്ള ഒരു നിർമ്മാതാവിന്‍റെയും നേതൃത്വത്തിൽ ഡി.സി ഭാവിയിൽ മാർവലിനെ കടത്തി വെട്ടിയാലും അതിശയപ്പെടാനില്ല. ഇപ്പോൾ അതിന് പറ്റിയ അവസരമാണെന്ന് പറയാം. മാർവലിന്‍റെ മുൻ ചിത്രങ്ങളും സീരീസുകളും ആരാധകരിൽ നിന്ന് വളരെ മോശം അഭിപ്രായം നേടിയവ ആയിരുന്നു. എന്നാൽ ഡി.സിയുടെ അവസാനം പുറത്തിറങ്ങിയ ബ്ലാക്ക് ആദം, ദി സ്യൂയിസൈഡ് സ്ക്വാഡ് എന്നീ ചിത്രങ്ങൾ ആയാലും പീസ് മേക്കർ എന്ന സീരീസ് ആയാലും വളരെ മികച്ച അഭിപ്രായങ്ങൾ കൈവരിച്ചിരുന്നു.
ഡി.സി സ്റ്റുഡിയോസ് രൂപീകരിച്ചതിന് പുറമെ ഡി.സിയുടെ ചിത്രങ്ങൾക്ക് ഔദ്യോഗികമായി ഡി.സി.യു എന്ന പേരും ഇട്ടു. മാർവലിന്‍റെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന് സമാനമായാണ് ഡി.സി യൂണിവേഴ്സ് എന്ന പേര് മാറ്റം. ഇതിന് മുൻപ് ഡി.സി യൂണിവേഴ്സ് ചിത്രങ്ങളെ ഡി.സി എക്സ്റ്റന്‍റഡ് യൂണിവേഴ്സ് മൂവീസ് എന്ന് പറയാറുണ്ടായിരുന്നു. എങ്കിലും അത് മാധ്യമങ്ങളും ആരാധകരും ചേർന്ന് ചാർത്തിക്കൊടുത്ത ഒരു പേര് മാത്രം ആയിരുന്നു. ഇപ്പോൾ അത് ഒഴിവാക്കി ഡി.സി യൂണിവേഴ്സ് എന്ന പേരിലേക്ക് മാറുകയായിരുന്നു. എന്തായാലും അടിമുടിയുള്ള ഈ മാറ്റങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...