ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വെടിക്കെട്ട്'. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഫെബ്രുവരി മൂന്നിനാണ് വെടിക്കെട്ട് തിയേറ്ററുകളിലെത്തിയത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ചിത്രത്തെ കുറിച്ച് സംവിധായകൻ നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. റിലീസിന് മുൻപ് സിനിമ കണ്ടിരുന്നുവെന്ന് നാദിർഷ കുറിപ്പിൽ വ്യക്തമാക്കി. അതിനൊക്കെ മുമ്പേ തന്നെ ബിബിനും,വിഷ്ണുവും തനിക്ക് സ്ക്രിപ്റ്റ് വായിക്കാൻ തന്നിരുന്നുവെന്നും അന്ന് വായിച്ച സ്ക്രിപ്റ്റിനേക്കാൾ എത്ര ഗംഭീരമായിട്ടാണ് അവർ അത് മേക്ക് ചെയ്തിരിക്കുന്നതുമെന്നുമാണ് വെടിക്കെട്ടിനെ കുറിച്ച് നാദിർഷയുടെ വാക്കുകൾ.
നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്
“വെടിക്കെട്ട് “ റിലീസിങ്ങിനു മുമ്പേ തന്നെ ഞാൻ കണ്ട സിനിമയാണ്. അതിനൊക്കെ മുമ്പേ തന്നെ ബിബിനും,വിഷ്ണുവും എനിക്ക് സ്ക്രിപ്റ്റ് വായിക്കാൻ തന്നിരുന്നു. സത്യം പറഞ്ഞാൽ ഞാൻ അന്ന് വായിച്ച സ്ക്രിപ്റ്റിനേക്കാൾ എത്ര ഗംഭീരമായിട്ടാണ് അവർ അത് മേക്ക് ചെയ്തിരിക്കുന്നത് . എന്നോട് അവർ അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ ഒറ്റ അഭിപ്രായമേ പറഞ്ഞുള്ളു “ഒരു സാധാ മനുഷ്യൻ്റെ മനസ്സും വികാരവും വിചാരവുമൊക്കെയുള്ളവന് ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കൊന്ന് പെടക്കും. അല്ലാത്തവന്മാരുടെ കാര്യമോർത്ത് നിങ്ങൾ ടെൻഷനടിക്കരുത്. കൂവിത്തോല്പിക്കാൻ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. കഴിവുള്ളവൻ ആരേയും കൂവുകയുമില്ല. സ്റ്റേജ് ഷോയുമായി വിദേശത്തായിരുന്നതിനാൽ ഇന്നലെയാണ് തിയേറ്ററിൽ പ്രേക്ഷകരോടൊപ്പം സിനിമ കണ്ടത് .അങ്ങനെ കണ്ടിട്ട് എഴുതാമെന്ന് കരുതിയതിനാലാണ് അല്പം വൈകിയത്. സിനിമ സ്വപ്നം കണ്ടു നടക്കുന്നവരുടെ ഒരു വൻ കൂട്ടായ്മയെ മുന്നിലും പിന്നിലും അണിനിരത്തി അതിനെ സാധാ പ്രേക്ഷൻ്റെ മനസ്സിൽ സ്ഥാനം നേടിയെടുക്കുന്ന ഒരു മനോഹര ചിത്രമാക്കി മാറ്റിയതിൽ എൻ്റെ പ്രിയപ്പെട്ട അനുജന്മാരായ ബിബിനും വിഷ്ണുവിനും , അതിന് ധൈര്യം നല്കി മുന്നിട്ടിറങ്ങിയ ബാദുഷക്കും , ഷിനോയിക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും''
Also Read: Rekha Movie: വിൻസി നായികയാകുന്ന 'രേഖ'യ്ക്ക് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയേറ്ററിലേക്ക്
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...