ജോര്‍ജ്കുട്ടിയും കുടുംബവും ധ്യാനത്തിനായി ഇനി പോകുന്നത് എങ്ങോട്ടാണെന്ന്‍ അറിയണ്ടേ?
വേറൊരിടത്തോട്ടുമല്ല ചൈനയിലേയ്ക്കാണ് പോകുന്നത് അതും ഡിസംബര്‍ 20നും. കേട്ടപ്പോള്‍ ഞെട്ടിപ്പോയെങ്കിലും സത്യമാണ് കേട്ടോ.
മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ജീത്തു ജോസഫിന്റെ ‘ദൃശ്യം’ സിനിമയുടെ കാര്യമാണ് പറഞ്ഞത്. സിനിമയുടെ ചൈനീസ് റീമേക്ക് ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പായി.
‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നെങ്കിലും റിലീസിംഗ് തീയതി തീരുമാനിച്ചത് അടുത്ത ദിവസമായിരുന്നു.
ഇതോടെ രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമയായി മാറുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് ചെയ്തത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ദൃശ്യം.
ഹേങ് വാന്‍ എന്ന ചൈനീസ് സിനിമാ ബാനറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ദൃശ്യത്തിന്‍റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണു കരാറില്‍ ഒപ്പിട്ടത്.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് ആന്റണി പെരുമ്പാവൂര്‍ മലയാളത്തില്‍ ദൃശ്യം നിര്‍മ്മിച്ചത്. മോഹന്‍ലാലിനും മീനയ്ക്കും പുറമേ അന്‍സിബ, എസ്തര്‍, ആശാ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
തമിഴില്‍ കമല്‍ഹാസനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമാണ് മോഹന്‍ലാലിന്‍റെ വേഷം കൈകാര്യം ചെയ്തത്.