മലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖല്‍ സല്‍മാന്‍. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണെങ്കിലും ആ പരിഗണനയില്ലാതെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ വളരെ പെട്ടെന്ന് തന്നെ പാന്‍ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ദുല്‍ഖര്‍ താരമായി മാറിക്കഴിഞ്ഞു. മലയാളത്തിലെ മിന്നും താരമായ ദുല്‍ഖറിനെ കുഞ്ഞിക്കാ എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. ദുല്‍ഖര്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയായിരിക്കും എന്ന് അറിയാന്‍ എല്ലാവര്‍ക്കും താത്പ്പര്യമുണ്ടാകും. ഇപ്പോള്‍ ഇതാ ആ സംശയത്തിന് മറുപടിയുമായി ദുല്‍ഖര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
സിനിമയെ ആശ്രയിച്ചായിരിക്കും തന്റെ പ്രതിഫലമെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ഒരു സിനിമയ്ക്ക് നിശ്ചിതമായ തുകയായിരിക്കില്ല തന്റെ പ്രതിഫലം. പണത്തിന് താന്‍ പ്രാധാന്യം കൊടുക്കാറില്ല. സിനിമയുടെ ബജറ്റ് എത്രയാണോ അതിന് അനുസരിച്ച് ജോലി ചെയ്യാന്‍ തനിയ്ക്ക് സന്തോഷമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18 ഷോഷ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍. ഒരു സിനിമയ്ക്ക് 2 - 3 കോടി രൂപ വരെയാണ് ദുല്‍ഖര്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ദുല്‍ഖറിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും. ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുല്‍ സുരേഷ്,വട ചെന്നൈ ശരണ്‍, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബിഗ് ബഡ്ജറ്റ് ചിത്രമായാണ് കിംഗ് ഓഫ് കൊത്ത എത്തുന്നത്. കേരളത്തില്‍ നാനൂറില്‍പ്പരം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഛായാഗ്രഹണം: നിമീഷ് രവി. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍. എഡിറ്റര്‍: ശ്യാം ശശിധരന്‍. കൊറിയോഗ്രാഫി: ഷെറീഫ്. മേക്കപ്പ്: റോണക്‌സ് സേവിയര്‍. വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ. സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. മ്യൂസിക്: സോണി മ്യൂസിക്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...