100ാം സിനിമ പുറത്തിറങ്ങാനിരിക്കുമ്പോൾ സൈജു കുറുപ്പ് ഇന്ന് പ്രേക്ഷർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടനായി മാറിയിരിക്കുകയാണ്. ഏതൊരു റോളും അതിമനോഹരമായി ചെയ്യുന്ന, കഥാപാത്രത്തോട് തികച്ചും ആത്മാർഥത പുലർത്തുന്ന നടൻ. മയൂഖം മുതൽ 100ാം ചിത്രമായ ഉപചാരപൂർവം ഗുണ്ട ജയനിൽ എത്തിനിൽക്കുന്ന സൈജു കുറുപ്പ് ഇന്ന് പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുകയാണ്. കോമഡി കഥാപാത്രങ്ങളും, സീരിയസ് റോളുകളുമെല്ലാം അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു എക്സ്പീരിയൻസ്ഡ് ആക്ടർ ആയി കഴിഞ്ഞു അദ്ദേഹം.
ഉപചാരപൂർവം ഗുണ്ട ജയനിൽ കേന്ദ്രകഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമ്മിച്ച്, അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 25ന് തിയറ്ററുകളിൽ എത്തുകയാണ്. ഉപചാരപൂർവം ഗുണ്ട ജയൻ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിൽ സൈജു കുറുപ്പ് സീ മലയാളം ന്യൂസിനോട്..
15 വർഷത്തിലധികമായി സിനിമ മേഖലയിൽ. മയൂഖത്തിൽ നിന്ന് നൂറാം ചിത്രമായ ഉപചാരപൂർവം ഗുണ്ട ജയനിൽ എത്തി നിൽക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സൈജു എന്ന നടനലുണ്ടായിരിക്കുന്നത്?
17 വർഷമായി സിനിമയിൽ. 2005ലാണ് മയൂഖം വന്നത്. അവിടുന്നുള്ള ജേർണി നോക്കുകയാണെങ്കിൽ ഒരുപാട് മാറ്റങ്ങൾ എന്നിലുമുണ്ട്, ഇൻഡസ്ട്രിക്കും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓരോ സിനിമകളും ഓരോ എക്സ്പീരിയൻസ് ആണ്. നമ്മുടെ എക്സ്പീരിയൻസ് കൂടുന്നതനുസരിച്ച് കോൺഫിഡൻസും കൂടും. പെർഫോമൻസും സിനിമ സെലക്ഷനും ഒക്കെ ഇംപ്രൂവ് ആകും. ഒരു കഥാപാത്രത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ആ കഥാപാത്രം ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നൊരു ഐഡിയ കിട്ടും. സിനിമയിലെ മാറ്റങ്ങളും ഒരുപാടാണ്. ഫിലിം ഇന്ന് ഡിജിറ്റലായി. ഒടിടി പ്ലാറ്റ്ഫോമുകൾ വന്നു, വെർച്വൽ റിയാലിറ്റി പോലുള്ളവ വന്നു. അങ്ങനെ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് ഒരു പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യമുള്ള ഒരു ചിത്രമാണോ ഉപചാരപൂർവം ഗുണ്ട ജയൻ?
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന സിനിമയിൽ സ്ത്രീകൾക്ക് നല്ല പ്രാധാന്യം ഉണ്ട്. ഒരുപാട് ഫീമെയിൽ ക്യാരക്ടേഴ്സും സിനിമയിലുണ്ട്. കൂടുതലും പുതുമുഖങ്ങളാണ്. വളരെ മനോഹരമായി അവർ ചെയ്തിട്ടുണ്ട്. നല്ല എക്സിക്യൂഷൻ ആയിരുന്നു. കുറച്ചധികം നല്ല നടീനടന്മാരെ ഈ സിനിമയിലൂടെ കിട്ടും. മെയിൽ ആക്ടേഴ്സിൽ കൂടുതലും മുഖ പരിചയമുള്ളവരാണ്. പുതുമുഖങ്ങളുണ്ട്. നല്ല പെർഫോമൻസാണ് എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്.
സഹനടൻ റോളുകളിൽ മികച്ച സിനിമകൾ വരുന്നത് കൊണ്ട് കേന്ദ്രകഥാപാത്രങ്ങൾ ലഭിക്കാതെ പോകുന്നു എന്ന് തോന്നുന്നുണ്ടോ?
സഹനടനായി തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. സഹനടൻ റോൾ ചെയ്യുന്നത് കൊണ്ട് കേന്ദ്രകഥാപാത്രങ്ങൾ നഷ്ടപ്പെടുന്നു എന്നൊന്നുമില്ല. ഒരുപാട് പേർ കേന്ദ്രകഥാപാത്രങ്ങൾക്ക് വേണ്ടി സമീപിക്കുന്നുണ്ട്. പക്ഷേ ഈ 17 വർഷത്തെ എക്സ്പീരിയൻസ് വച്ച് ഒരു ഐഡിയ ഉണ്ട്. നമ്മൾ എന്ത് ചെയ്താൽ ശരിയാകും, ഏത് ക്യാരക്ടേഴ്സ് ആണ് നമുക്ക് ശരിയാവുന്നത് എന്ന്.
സംവിധാനത്തിലേക്ക് കടക്കുന്നുണ്ടോ?
സംവിധാനം ചെയ്യാൻ ഞാനില്ല. അതിന് ടാലന്റഡ് ആയിട്ടുള്ള ബുദ്ധിയുള്ള സംവിധായകരുണ്ട്. അവരുടെ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് പോകുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. സംവിധാനത്തിനുള്ള Patience, ക്രിയേറ്റിവിറ്റി ഒന്നും എനിക്കില്ല.