കന്നഡ ചിത്രം കാന്താരായുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം കന്നഡയിൽ മികച്ച പ്രതികരണം നേടിയതിന് പിന്നാലെയാണ് ഹിന്ദി പതിപ്പ് ഇറക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. വലിയ പ്രീ റിലീസ് ഹൈപ്പ് ഒന്നുമില്ലാതെ ഇറങ്ങിയ ചിത്രം റിലീസിന് ശേഷം ഏറെ നിരൂപക പ്രശംസ നേടി. നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. കിച്ച സുദീപ്, പ്രഭാസ്, പൃഥ്വിരാജ് സുകമാരൻ തുടങ്ങിയവർ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
റിഷഭ് ഷെട്ടി സംവിധാനം ചെയ്യുകയും കേന്ദ്ര കഥാപാത്രമായി എത്തുകയും ചെയ്ത ചിത്രം മലയാളത്തിലേക്കും പ്രദർശനത്തിനെത്തുകയാണ്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കാന്താരാ കേരളത്തിലെത്തിക്കുന്നത്. ''കന്നഡ പതിപ്പ് കണ്ടതിന് ശേഷം എനിക്ക് ഇത് കേരളത്തിലും എത്തിക്കണമെന്ന് തോന്നി. ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ ചിത്രം ആരും കാണാതെ പോകരുത്'' എന്ന് കുറിപ്പോടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിക്കുന്നത്.
ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് കാന്താരാ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 1, നാഗാർജുനയുടെ ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്നിവയുമായി ബിഗ് സ്‌ക്രീനിൽ ഏറ്റുമുട്ടിയെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ് കാന്താരാ.
ആദ്യ ദിനത്തിൽ ശരാശരി തുടക്കത്തോടെ, പ്രേക്ഷകരിൽ നിന്നും സിനിമാ നിരൂപകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് പ്രതികരണങ്ങൾ ചിത്രം നേടി. 16 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ആക്ഷൻ ത്രില്ലർ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 50 കോടിയിലധികം ഗ്രോസ് നേടി. ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും കാന്താര ശക്തമായ മുന്നേറ്റം തുടരുകയാണ്. യുഎസിലും ഓസ്‌ട്രേലിയയിലും ചിത്രത്തിന്റെ കളക്ഷൻ രണ്ടാം വാരത്തിൽ കുതിച്ചുയർന്നു. റിഷബ് ഷെട്ടി അഭിനയിച്ച ചിത്രം അതിന്റെ ആദ്യ വാരാന്ത്യത്തിൽ ഏകദേശം 425K USD (3.50 കോടി രൂപ) കളക്ഷൻ നേടി. ഈ ആഴ്ച അവസാനത്തോടെ 700k USD (5.75 കോടി രൂപ) മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...