ടോവിനോ നായകനായി എത്തിയ ചിത്രം ഡിയർ ഫ്രണ്ടും, നസ്രിയയും നാനിയും ഒന്നിച്ച ചിത്രം ആണ്ടേ സുന്ദരാനികിയും ഉടൻ ഒടിടിയിൽ റിലീസ് ചെയ്യും. ഇന്ന് അർധരാത്രിയോടെ ( ജൂലൈ 10, 12.00 am) രണ്ട് ചിത്രങ്ങളും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല. നാനിയും സംവിധായകൻ വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ്ടേ സുന്ദരനികിക്ക് നസ്രിയയുടെ ആദ്യ തെലുഗു ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ജൂൺ പത്തിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഡിയർ ഫ്രണ്ടിന്റെ പ്രമേയം. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിന്റെയും ആശിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്.
ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം അയാൾ ഞാനല്ലയിലൂടെയായിരുന്നു വിനീത് കുമാർ സിനിമ സംവിധാന രംഗത്തേക്ക് എത്തിയത്. ബാലതാരമായി സിനിമയിലെത്തിയ വിനീത് കുമാർ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹതാരമായും നായകനായും ഒക്കെ വിനീത് കുമാർ അഭിനയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവല്‍, ദ ടൈഗര്‍, കൊട്ടാരം വൈദ്യൻ, ഫ്ലാഷ്, തിരക്കഥ, അരുണം, വാല്മീകം, സെവെൻസ്, ഇത് നമ്മുടെ കഥ തുടങ്ങിയ ചിത്രങ്ങളില്ലാം വിനീത് പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിനീത് നായകനായി എത്തിയ ചിത്രം കണ്മഷി ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഒരു ബ്രാഹ്മണ - ക്രിസ്ത്യൻ പ്രണയകഥയാണ് ആണ്ടേ സുന്ദരാനികി പറയുന്നത്. ഇവരുടെ പ്രണയവും ഒളിച്ചോട്ട ശ്രമവും, വീട്ടുകാരുടെ എതിർപ്പുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം ആകെ മൂന്ന് ഭാഷകളിലാണ് റീലീസ് ചെയ്യുന്നത്. തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ മലയാളം പേര് ആഹാ സുന്ദരയെന്നാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിൽ സുന്ദർ എന്ന ബ്രാഹ്മണ യുവാവിന്റെ കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്.
കുടുംബത്തിലെ ഒരേയൊരു ആൺകുട്ടിയായതിനാൽ സുന്ദറിന് കുടുംബത്തിൽ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനോടൊപ്പം ഒരു ക്രിസ്ത്യൻ പെൺക്കുട്ടിയുമായുള്ള പ്രണയവും. ചിത്രത്തിന്റെ എഡിറ്റർ രവിതേജ ഗിരിജലയാണ്. വിവേക് ആത്രേയ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിക്കുന്നത്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.