യഥാര്‍ത്ഥ ഹീറോസ് തെലങ്കാന പൊലീസ്: നയന്‍താര

നീതി നടപ്പിലായി എന്ന അടിക്കുറിപ്പോടെ തന്‍റെ കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് നയന്‍താര വിഷയത്തില്‍ പ്രതികരിച്ചത്.  

Ajitha Kumari | Updated: Dec 7, 2019, 06:18 PM IST
യഥാര്‍ത്ഥ ഹീറോസ് തെലങ്കാന പൊലീസ്: നയന്‍താര

ചെന്നൈ: ഹൈദരാബാദില്‍ മൃഗഡോക്ടറെ പീഡിപ്പിച്ചശേഷം കത്തിച്ചുകൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന നടപടിയെ പ്രശംസിച്ചുകൊണ്ട് നയന്‍സ് രംഗത്ത്. 

നീതി നടപ്പിലായി (Justice Served) എന്ന അടിക്കുറിപ്പോടെ തന്‍റെ കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് നയന്‍താര വിഷയത്തില്‍ പ്രതികരിച്ചത്.

ചൂടോടെ നടപ്പിലാക്കപ്പെട്ടാല്‍ നീതി നല്ലതാണെന്നും ഇത്രനാളും ഇതൊരു സിനിമാറ്റിക് ചൊല്ലായിരുന്നെങ്കില്‍ ഇപ്പോളതു യാഥാര്‍ഥ്യമായിരിക്കുകയാണെന്നും യഥാര്‍ഥ ഹീറോസ് എന്നുപറയുന്നത് തെലങ്കാന പൊലീസ് ആണെന്ന് അവര്‍ അവരുടെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണെന്നുമാണ് നയന്‍‌താര കുറിച്ചിരിക്കുന്നത്.

മനുഷ്യത്വത്തിനു വേണ്ടിയുള്ള ശരിയായ പ്രവൃത്തി എന്നാണ് ഞാനിതിനെ വിളിക്കുകയെന്നും ഈ രാജ്യത്തെ ഓരോ സ്ത്രീക്കും യഥാര്‍ഥ നീതി നടപ്പിലായ ദിവസമായി ഈ ദിവസത്തെ കലണ്ടറില്‍ രേഖപ്പെടുത്താന്‍ കഴിയുമെന്നും മനുഷ്യത്വമെന്നാല്‍ ബഹുമാനിക്കുക, സ്‌നേഹം പ്രകടിപ്പിക്കുക, എല്ലാറ്റിനെയും തുല്യതയോടെ കാണുക എന്നതാണെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

നീതി നടപ്പിലായതില്‍ സന്തോഷിക്കുക എന്നതിലുപരി, ഈ നിമിഷം നമ്മുടെ കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ ചിലതു പഠിപ്പിക്കേണ്ട സമയമാണെന്നും. സ്ത്രീകള്‍ക്കു സുരക്ഷിതമായ ഒരു ഇടമായി ഭൂമിയെ മാറ്റുമ്പോഴാണു പുരുഷന്മാര്‍ ഹീറോയാകുന്നത് എന്ന സന്ദേശം അവര്‍ക്കു പകര്‍ന്നുകൊടുക്കണമെന്നും താരം കുറിച്ചിട്ടുണ്ട്.

 

 

നേരത്തേ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നീരജ് മാധവ്, തന്‍വി റാം, രാധിക, കുമ്പളങ്ങി നൈറ്റ്സ് സംവിധായകന്‍ മധു സി. നാരായണ്‍ എന്നിവരാണ് പൊലീസിനെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.

സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ വിസി.സജ്ജനാരുടെ ചിത്രം ഷെയര്‍ ചെയ്ത് സ്നേഹ ചിഹ്നം നല്‍കിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ് സംവിധായകന്‍ മധു സി.നാരായണന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മധുവിന്റെ അഭിനന്ദനം.

നീതി നടപ്പാക്കപ്പെട്ടുവെന്ന്‍ ടൊവിനോ തോമസും പ്രതികരിച്ചിരുന്നു.