പാൻ ഇന്ത്യ തലത്തിൽ അല്ലെങ്കിൽ ആഗോളതലത്തിൽ തന്നെ ഏറെ ആരാധകരുള്ള താരമാണ് പ്രഭാസ്. രാജമൗലി ചിത്രം ബാഹുബലിയാണ് പ്രഭാസിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രഭാസ് 21 കോടി രൂപ കടം എടുക്കുന്നു എന്ന വാർത്തയാണ് ചർച്ചയായിരിക്കുന്നത്. 100 മുതൽ 150 കോടി രൂപവരെ ഓരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്ന താരം എന്തിനാണ് ബാങ്കിൽ നിന്ന് വസ്തുക്കൾ പണയപ്പെടുത്തി 21 കോടി രൂപ കടമെടുത്തത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
തെലുങ്ക് മാധ്യമങ്ങളാണ് പ്രഭാസ് പണം കടം എടുക്കുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. അതേസമയം താരത്തിന്റെ ഈ വര്ഷം ഇറങ്ങിയ സിനിമ പരാജയപ്പെട്ടുവെന്ന കാര്യവും ചർച്ചയാകുന്നുണ്ട്. ഗോപി കൃഷ്ണ മൂവീസിന്റെ ബാനറിലെത്തിയ രാധേ ശ്യാമാണ് താരത്തിന്റെ 2022 ൽ പുറത്തിറങ്ങിയ സിനിമ. വൻ ബജറ്റിലാണ് സിനിമ എത്തിയതെങ്കിലും ബോക്സ്ഓഫീസിൽ ചിത്രത്തിന് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ഇനി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങൾ സലാറും ആദിപുരുഷുമാണ്.
ആദിപുരുഷ് 2023 ജൂൺ 16 ന് തീയേറ്ററുകളിൽ എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട്ടാണ്. സംക്രാന്തി/പൊങ്കലിനോട് അനുബന്ധിച്ച് 2023 ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. നേരത്തെ സിനിമയുടെ 90 ശതമാനത്തോളം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് ചിത്രത്തിൻറെ റിലീസ് നീട്ടിയത്.
മഹാനവമിയോട് അനുബന്ധിച്ചായിരുന്നു ആദിപുരുഷിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. എന്നാൽ സിനിമയുടെ ദൃശ്യങ്ങൾ കാർട്ടൂണുകൾക്ക് ഉപയോഗിക്കുന്ന ദൃശ്യാവിഷ്ക്കാരം പോലെയായിരുന്നുയെന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ സിനിമയ്ക്കെതിരെ നിരവധി ട്രോളുകൾ ഉടലെടുക്കുകയും ചെയ്തു.
കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...