സൂരജ് വെഞ്ഞാറമൂടും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റോയിയുടെ റിലീസ് ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംവിധായകൻ സുനിൽ ഇബ്രാഹിം. റീയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്. 2020 ലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്കും, ഗാനങ്ങളും ഒക്കെ മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രത്തിൻറെ റിലീസ് വൈകുകയായിരുന്നു. ഇതിന് വിശദീകരണവുമായി ആണ് സംവിധായകൻ രംഗത്തെത്തിയത്. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നാണ് സംവിധായകൻ പറഞ്ഞത്.
സുനിൽ ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറുപ്പ്
#റോയ് സിനിമ എപ്പോൾ വരും?
സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ?ടെക്നിക്കലി എന്തെങ്കിലും പ്രശ്നമായോ? കോവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ് ആവുന്നില്ലേ?നിയമപരമായ എന്തെങ്കിലും കുരുക്കിൽപ്പെട്ടോ?
വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളിൽ പലതും ഇങ്ങിനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. ഈ ചോദ്യങ്ങളിൽ ഒന്ന് പോലും റോയ് വൈകാനുള്ള യഥാർത്ഥ കാരണമല്ല എന്ന് മാത്രം തല്ക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല.
ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങൾ ഫുൾ പവറിൽ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയിൽ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്. ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു. സ്നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം ...!
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.