കാർത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സർദാറിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാർത്തിയുടെ ഒരു ഗംഭീര വേഷപ്പകർച്ച തന്നെ കാണാൻ സാധിക്കുമെന്ന ഉറപ്പ് നൽകുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന കാർത്തിയുടെ ഒരു മാസ് എന്റർടെയ്ൻമെന്റ് ചിത്രമാണ് സർദാർ എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായ വിവരം അണിയറക്കാർ പങ്കുവെച്ചിരുന്നു. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. വൻ വിജയത്തിളക്കത്തിൽ നിൽക്കുന്ന കാർത്തിയുടെ സർദാറിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഒക്ടോബർ 21ന് ചിത്രം റിലീസ് ചെയ്യും.
പി.എസ്. മിത്രൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വൻ മുതൽ മുടക്കിൽ, ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് സർദാർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും സൂപ്പർ ഹിറ്റ് നായകനും കൈ കോർക്കുന്നുവെന്നതാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. ലൈലയും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സർദാർ എന്നാൽ പേർഷ്യൻ ഭാഷയിൽ പടത്തലവൻ എന്നാണ് അർഥം. ഒരു സ്പൈ ത്രില്ലർ സിനിമയാണ് സർദാർ. രാജ്യത്തിൻ്റെ സുരക്ഷാ ( മിലിട്ടറി) രഹസ്യങ്ങൾ ചോർത്തുന്ന ജോലി മാത്രമല്ല ചാരപ്രവൃത്തിയെന്ന് വെളിപ്പെടുത്തുന്ന പ്രമേയമാണ് ' സർദാർ ' കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ സിമ്പിളായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി ഉന്നതങ്ങൾ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര തലം വരെ ഇത് നീളുന്നു. അന്താരാഷ്ട്ര രാഷ്ട്രീയവും ഇതിലുണ്ട്. ഇത് സാധാരണക്കാരനെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സർദാറിലൂടെ പറയുന്നത്.
റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
പൊന്നിയിൻ സെൽവൻ, വിരുമൻ എന്നീ ചിത്രങ്ങളാണ് കാർത്തിയുടേതായി അവസാനം പുറത്തിറങ്ങിയത്. മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30നാണ് റിലീസ് ചെയ്തത്. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യദിനം മുതൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോഴും മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
മുത്തയ്യ തിരക്കഥ എഴുതി സംവിധാനം ചെയ്ത വിരുമൻ പൊന്നിയിന സെൽവന് മുൻപ് ഇറങ്ങിയത്. അതിഥി ശങ്കറായിരുന്നു ചിത്രത്തിലെ നായിക. സംവിധായകൻ ശങ്കറിന്റെ ഇളയ മകളാണ് അതിഥി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...