Shabaash Mithu Trailer : മിതാലി രാജായി ജീവിച്ച് തപ്‌സി പന്നു; സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി

Shabaash Mithu Movie Trailer : ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ്‌ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 11:34 AM IST
  • ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്.
  • ചിത്രത്തിൽ മിതാലിയുടെ കുട്ടിക്കാലവും, ക്രിക്കറ്റ് ജീവിതവും, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രശസ്തിയിലേക്ക് ഉയർത്തി കൊണ്ട് വന്ന പ്രയത്നങ്ങളും
  • ചിത്രത്തിൽ നടി തപ്സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ മിതാലി രാജായി അഭിനയിക്കുന്നത്
  • ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ്‌ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
Shabaash Mithu Trailer : മിതാലി രാജായി ജീവിച്ച് തപ്‌സി പന്നു; സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി

മുംബൈ : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രം സബാഷ് മിതുവിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ മിതാലിയുടെ കുട്ടിക്കാലവും, ക്രിക്കറ്റ് ജീവിതവും, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രശസ്തിയിലേക്ക് ഉയർത്തി കൊണ്ട് വന്ന പ്രയത്നങ്ങളും ഒക്കെ പ്രതിപാദിക്കുന്നുണ്ടെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സബാഷ് മിതു.

 ചിത്രത്തിൽ നടി തപ്സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ മിതാലി രാജായി അഭിനയിക്കുന്നത്. ട്രെയ്ലറിലെ പ്രകടനം അനുസരിച്ച് ചിത്രത്തിൽ തപ്‌സി അതിഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ്‌ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 

ALSO READ: Shabaash Mithu Release Date: മിതാലി രാജിന്റെ ബയോപിക് 'സബാഷ് മിതു' റിലീസ് പ്രഖ്യാപിച്ചു

സിര്‍ഷ റേ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. വയകോം 18 സ്റ്റുഡിയോസാണ് സബാഷ് മിതു നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. 2020 ൽ  മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നുവും പങ്ക് വെച്ചിരുന്നു. മാർച്ചിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.

രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററായാണ് മിതാലി രാജിനെ വിശേഷിപ്പിക്കുന്നത്. ഈ  വർഷം ജൂൺ 8 ന്  മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 321 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 10,454 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഏക നായികയാണ്. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 

 1999 ലാണ് മിതാലി രാജ് നാഷണൽ ടീമിലേക്ക് എത്തുന്നത്. അതിന് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഒഴിച്ച് കൂടാനാകാത്ത ഭാഗമായി മിത്തലി രാജ് മാറിയിരുന്നു. വനിത ടെസ്റ്റ് ടീം, ഏകദിന ടീമുകളുടെ ക്യാപ്റ്റനും ആയിരുന്നു മിതാലി. 89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്. 16-ാം വയസില്‍ ഏകദിന  അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. 19 വയസും 254 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി കണ്ടെത്തി ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. മിതാലി രാജിന്റെ ബയോപിക് ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News