പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവർ ത്രില്ലർ ആണ് അപ്സര.. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ പ്രശസ്തനായ സെന്ന ഹെഗ്ഡയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ മേക്കിംഗ് വിഡിയോ പുറത്തിറക്കിയത്. ഇല്ല്യൂസ്റ്റ്ട്രേഷൻ പോസ്റ്ററിന്റെ ഡിസൈൻ ഇതിനോടകം ചർച്ചയായിരുന്നു.
സംവിധായകൻ തരുൺ മൂർത്തി തിരക്കഥാകൃത്ത് ദിനിൽ പികെ എഡിറ്റർ നിഖിൽവേണു തുടങ്ങിയ പലപ്രമുഖരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ദൂരദർശനിലെ ജനപ്രിയ ആനിമേഷൻ പരിപാടിയായിരുന്ന കാട്ടിലെ കണ്ണന്റെ സംവിധായകനും അനിമേറ്ററുമായ ജയദീപ് കോതമംഗലം ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം വീണ്ടും അനിമേഷൻ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ജയദീപ് കോതമംഗലം.
സദാചാര ഗുണ്ടായിസത്തിന് ഇരയാകുന്ന യുവാവും യുവതിയും അവരിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതാണ് പ്രമേയം. സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്യുന്നതാണ് ചിത്രം. കേരള-തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന ഒരു സംഭവമായാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലും ചിത്രം എത്തും.
100 സ്റ്റോറീസിന്റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അലൻ ചിറമ്മേൽ, ശരത് വിഷ്ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങും ശ്യാം കൃഷ്ണൻ തന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് കുറഞ്ഞ ബജറ്റിൽ ഇടുക്കി വിവിധഭാഗങ്ങളിലായിരുന്നു ചിത്രീകരണം.
പശ്ചാത്തല സംഗീതം സാമുവൽ എബി, ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു, പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ചന്ദ്രൻ, ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്,ഫൈറ്റ് ടൈഗർ ടിൻസ് ,മേക്കപ്പ് സുരേഷ് ചെമ്മനാട് . ചിത്രം ഒടിടി റിലീസ് ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...