നടൻ വിജയുടെ മകൻ ജേസൺ സഞ്ജയ് തമിഴിൽ നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നീ വരുവായ് എന്ന അജിത് കുമാർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടി ദേവയാനിയുടെ മകൾ ഇനിയ ആയിരിക്കും ചിത്രത്തിൽ നായികയായി എത്തുകയെന്നാണ് സൂചന. കുറേ നാളുകളായി തമിഴ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന വാർത്തകൾ വീണ്ടും സജീവമാകുകയാണ്.
1999-ൽ ദേവയാനിയുടെ ഭർത്താവ് രാജകുമാരൻ സംവിധാനം ചെയ്ത നീ വരുവായ് എന്ന സിനിമയിൽ ദേവയാനിയായിരുന്നു നായിക. ചിത്രത്തിൽ പാർത്ഥിബൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ ദേവയാനിയുടെ മരിച്ചുപോയ കാമുകന്റെ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിച്ചത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, രാജകുമാരൻ ആ ചിത്രത്തിലേക്ക് വിജയെയും അജിത്തിനെയും കാസ്റ്റ് ചെയ്യാനായിരുന്നു തന്റെ പ്രാരംഭ പദ്ധതിയെന്ന് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ അത് അക്കാലത്ത് യാഥാർത്ഥ്യമായില്ല. ഒരു തുടർച്ച സൃഷ്ടിക്കാനുള്ള തന്റെ ഉദ്ദേശ്യം അദ്ദേഹം പ്രകടിപ്പിക്കുകയും തന്റെ മകളായ ഇനിയയെയും വിജയ്‌യുടെ മകനെയും കാസ്റ്റ് ചെയ്യാനുള്ള സാധ്യതയും പരാമർശിക്കുകയും ചെയ്തു. പുതിയ ചിത്രവും അദ്ദേഹം തന്നെ സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനാണ് ജേസൺ സഞ്ജയ്‌ക്ക് താൽപ്പര്യമെന്നാണ് സൂചന. കാനഡയിൽ ഫിലിം മേക്കിംഗ് പഠിക്കുന്ന ജേസൺ അടുത്തിടെ നിർമ്മിച്ച ഒരു ഷോർട്ട് ഫിലിം ശ്രദ്ധ നേടിയിരുന്നു.
ALSO READ: Vijay Thalapathy: വിജയ് രാഷ്ട്രീയച്ചുവട് ഉറപ്പിച്ചു? മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി
ഇനിയയും കോളേജ് വിദ്യാർഥിനിയാണ്. ജേസൺ സഞ്ജയ് വിജയുമായി സാമ്യമുള്ളതിനാൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ ഒക്ടോബർ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. ദളപതി 68ന്റെ ചിത്രീകരണവും വിജയ് ഉടൻ ആരംഭിക്കും. 'വാരിസി'ന്റെ റിലീസിന് മുന്നോടിയായി 2022ൽ സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ ജേസൺ സഞ്ജയ് സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നതായി വിജയ് പറഞ്ഞിരുന്നു.
തെന്നിന്ത്യൻ സംവിധായകരിൽ നിന്ന് നിരവധി അവസരങ്ങൾ എത്തുന്നുണ്ടെന്നും എന്നാൽ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർമാരിൽ ഒരാളാണ് ദളപതിയെന്ന് ആരാധകർ വിളിക്കുന്ന വിജയ്. നിലവിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരവും വിജയ് ആണ്. അതേസമയം, വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ റിലീസിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം പദയാത്ര നടത്താൻ വിജയ് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 1998ൽ പുറത്തിറങ്ങിയ നിനയ്ത്തേൻ വന്തായ്, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് റീമേക്ക് ചിത്രം എന്നിവയിൽ വിജയും ദേവയാനിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...