ധനുഷ്, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് തിരുചിത്രമ്പലം. സ്ഥിരം കേട്ട് പരിചയമുള്ള കഥയാണ് ചിത്രത്തിന്റേതെന്ന് പ്രതികരണങ്ങൾ ഉണ്ടായെങ്കിലും മികച്ച വിജയം നേടിയൊരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. സെപ്റ്റംബർ 17ന് ചിത്രം സൺനെക്സ്റ്റിലും നെറ്റ് ഫ്ലിക്സിലും റിലീസ് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. സെപ്റ്റംബർ 23ന് ചിത്രം സൺനെക്സറ്റിൽ സ്ട്രീമിങ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സൺ പിക്ചേഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 18 നാണ് തിരുചിത്രമ്പലം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ ധനുഷ്, നിത്യ മേനോൻ എന്നിവരെ കൂടാതെ രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിൽ തിരുച്ചിത്രമ്പലം എന്ന പഴമായി ആണ് ധനുഷ് എത്തിയത്.
The mega blockbuster #Thiruchitrambalam streaming worldwide in 4K and Dolby Atmos from 23rd Sept only on Sun NXT! #ThiruchitrambalamOnSunNXT@dhanushkraja @anirudhofficial #Bharathiraja @prakashraaj @MithranRJawahar @priya_Bshankar #NithyaMenen #RaashiiKhanna pic.twitter.com/wTIq8VOeU9
— Sun Pictures (@sunpictures) September 19, 2022
യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറഞ്ഞിരുന്നു. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ധനുഷിനെക്കാൾ ആരാധകർ എടുത്ത് പറഞ്ഞിരുന്നത് നിത്യ മേനോന്റെ പ്രകടനമാണ്. നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണെന്നാണ് ചിത്രം കണ്ട കൂടുതൽ ആളുകളുടെയും അഭിപ്രായം. ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ ചിത്രത്തിൽ എത്തിയത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തിയത്. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും.
ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ വലിയ കാത്തിരിപ്പിലായിരുന്നു. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ ഉൾപ്പെടെയുള്ളവ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. കണ്ടവർ എല്ലാവരും തന്നെ നല്ല അഭിപ്രായവുമാണ് ചിത്രത്തിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും.
അതേസമയം ധനുഷിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് വാത്തി. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അധ്യാപകനായി ആണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. രണ്ട് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുഗ് ഭാഷകളിൽ എത്തുന്ന ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാത്തി. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത് ജി.വി പ്രകാശാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...