ഗള്‍ഫ് രാജ്യങ്ങളില്‍ അതി ഭീകരമാംവിധം കൊറോണ വൈറസ് പടരുന്നു.
ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒപ്പം ഇറാന്‍ ആരോഗ്യവകുപ്പ് ഉപമന്ത്രിയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ബെഹ്‌റിനില്‍ കഴിഞ്ഞ ദിവസം രാത്രി മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സ്വദേശികളായ ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് പുതിയതായി രോഗം സ്ഥീരകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബെഹ്‌റിനില്‍ ഇവര്‍ മൂന്നുപേരും.
ബെഹ്‌റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രത്യേക മെഡിക്കല്‍ സംഘം ഇവര്‍ക്ക് ചികിത്സ നല്‍കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലും ആദ്യ കൊറോണ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് മടങ്ങിയെത്തിയ 36കാരനായ സ്വദേശിയ്ക്കാണ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ഒരാളും നിരീക്ഷണത്തിലാണെന്നും ഇറാനില്‍നിന്ന് മടങ്ങിയെത്തിയ എല്ലാവരെയും നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കോവിഡ്-19 വൈറസ് സ്ഥിരീകരിച്ച രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്നും രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ ഇറാനിലുള്ള മുഴുവന്‍ ഖത്തരി പൗരന്മാരെയും രാജ്യത്ത് തിരികെയത്തിക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക വിമാനത്തിലാണ് മുഴുവന്‍ പേരെയും ദോഹയില്‍ തിരികെയെത്തിച്ചത്.
ഇവരെ, ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.
കുവൈറ്റില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 46 കടന്നു. ആരോഗ്യ മന്താലയമാണ് എണ്ണം പുറത്തുവിട്ടത്. എന്നാല്‍, കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് ഒരു പുതിയ കൊറോണ വൈറസ് കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയതിട്ടുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് ബാധ കണ്ടെത്തിയവരില്‍ ഭൂരിപക്ഷവും സ്വദേശികളാണ്. ഇവര്‍ മിക്കവരും ഇറാനില്‍ നിന്ന് മടങ്ങി കുവൈത്തില്‍ എത്തിയവരാണ്.