ദുബൈ എമിറേറ്റ്സ് ഇകെ 521 വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ലാന്‍ഡിങ്ങിനിടെ തിരുവനന്തപുരം - ദുബായ് എമിറേറ്റ്സ് ഇകെ 521 വിമാനം കത്തിയമര്‍ന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് യു.എ.ഇ ഫെഡറല്‍ വ്യോമയാന അതോറിറ്റി പുറത്തുവിട്ടു. കാറ്റിന്റെ തീവ്രതയിലും ഗതിയിലും പെട്ടെന്ന് സംഭവിച്ച മാറ്റം കാരണം വിമാനം ആടിയുലഞ്ഞതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തല്‍. 

Last Updated : Sep 7, 2016, 02:09 PM IST
ദുബൈ എമിറേറ്റ്സ് ഇകെ 521 വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ദുബൈ: ലാന്‍ഡിങ്ങിനിടെ തിരുവനന്തപുരം - ദുബായ് എമിറേറ്റ്സ് ഇകെ 521 വിമാനം കത്തിയമര്‍ന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് യു.എ.ഇ ഫെഡറല്‍ വ്യോമയാന അതോറിറ്റി പുറത്തുവിട്ടു. കാറ്റിന്റെ തീവ്രതയിലും ഗതിയിലും പെട്ടെന്ന് സംഭവിച്ച മാറ്റം കാരണം വിമാനം ആടിയുലഞ്ഞതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തല്‍. 

തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് വിമാനം ദുബൈയില്‍ അപകടത്തില്‍ പെട്ടപ്പോള്‍ എത്രയും വേഗം പുറത്തിറങ്ങാനുള്ള ജീവനക്കാരുടെ നിര്‍ദേശം യാത്രക്കാര്‍ അവഗണിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ജീവാപായം മുന്നില്‍കണ്ട് ഹാന്‍ഡ് ബാഗേജുകള്‍ ഉപേക്ഷിച്ച് എമര്‍ജന്‍സി എക്സിറ്റിലൂടെ ചാടി രക്ഷപ്പെടാനായിരുന്നു ജീവനക്കാരുടെ നിര്‍ദേശം. എന്നാല്‍ പലരും ബാഗ് തപ്പി സമയം കളഞ്ഞു. നിരവധി പേര്‍ ബാഗുമെടുത്ത് പുറത്തുചാടുന്നത് വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമായി വിവരിക്കുന്നുണ്ട്. എയര്‍ക്രാഫ്റ്റ് കമാന്‍ഡറും മുതിര്‍ന്ന ജീവനക്കാരുമാണ് ഏറ്റവുമൊടുവില്‍ വിമാനത്തില്‍ നിന്നിറങ്ങിയത്.

12 ഫസ്റ്റ് ക്ലാസ് സീറ്റുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളും 310 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മൊത്തം 282 യാത്രക്കാരില്‍ 13 പേര്‍ ബിസിനസ് ക്ലാസിലും 269 പേര്‍ ഇക്കണോമി ക്ലാസിലുമായിരുന്നു. രണ്ട് വയസ്സിന് താഴെയുള്ള ഏഴ് കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ 16 കാബിന്‍ക്രൂ അംഗങ്ങളാണ് ജീവനക്കാരായുണ്ടായിരുന്നത്. ലാന്‍ഡിങ് സമയം വരെ യാത്രയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. 

വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തില്‍ വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോള്‍ എമര്‍ജന്‍സി എക്സിറ്റ് കാഴ്ചയില്‍ മറഞ്ഞത് പരിഭ്രാന്തി പരത്തി. ഉടന്‍ ജീവനക്കാര്‍ എമര്‍ജന്‍സി എക്സിറ്റ് തുറക്കുകയും യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരില്‍ ഒരാള്‍ കനത്ത പുക ശ്വസിച്ച്‌ അവശനിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി.

വിമാനം നിരങ്ങിനീങ്ങുമ്പോള്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുന്നേറ്റ് നിന്നു. ജീവനക്കാര്‍ ഇവരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും യാത്രക്കാര്‍ കരച്ചിലും ബഹളവും ബാഗ് തപ്പലും തുടങ്ങിയിരുന്നു. വിമാനം നിന്നയുടന്‍ യാത്രക്കാരെ ഒഴിപ്പിക്കാന്‍ പൈലറ്റ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന‍12 എമര്‍ജന്‍സി വാതിലുകളും തുറന്നു. ഇതുവഴി രക്ഷപ്പെടുന്നതിനു മുന്‍പ് പലരും ബാഗ് തപ്പി സമയം കളയുന്നതും നിരവധി പേര്‍ ബാഗുമെടുത്ത് പുറത്തുചാടുന്നതും വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊട്ടിത്തെറിയില്‍ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഈസാ അല്‍ ബലൂഷിയുടെ (27) ധീര നടപടി യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായി.അപകടസമയത്ത് കനത്ത പൊടിക്കാറ്റും വീശിയിരുന്നതുമൂലം നാല് കിലോമീറ്റര്‍ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇത് സംബന്ധിച്ച്‌ എയര്‍ ട്രാഫിക് മാനേജര്‍ കീഴുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ കാറ്റിന്‍റെ ഗതിമാറ്റമുണ്ടാകുമെന്ന് യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്ന് രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Trending News