അബുദാബി: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ മണല്‍ചിത്രം വിറ്റുപോയത് 3110 ദിര്‍ഹത്തിന്.
അല്‍ ഐനില്‍ ജോലി ചെയ്യുന്ന ഡോ.ബഷീര്‍ പുന്നയൂര്‍ക്കുളമാണ് 3110 ദിര്‍ഹത്തിന് (ഏകദേശം 60,000 ഇന്ത്യന്‍ രൂപ) ചിത്രം സ്വന്തമാക്കിയത്.
കേരള സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തില്‍ വെച്ചാണ് ലേലം നടന്നത്. 100 ദിര്‍ഹത്തില്‍ നിന്നും തുടങ്ങിയ ചിത്രം വരച്ചിരിക്കുന്നത് ചിത്രകാരിയായ രേഷ്മ സൈനുലാബ്ദീനാണ്.
കേരളോത്സവത്തിന്‍റെ ഭാഗമായി സെന്‍റര്‍ വനിതാ വിഭാഗം ഒരുക്കിയ പ്രത്യേക പരിപാടിയിലാണ് രേഷ്മ സൈനുലാബ്ദീന്‍ ചിത്രം വരച്ചത്.
ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് നിമിഷ നേരം കൊണ്ട് രേഷ്മ ബാലഭാസ്‌കറിനെ മണലില്‍ വരച്ചു തീര്‍ത്തത്. മണല്‍ ചിത്ര കലയില്‍ പ്രശസ്തായായ രേഷ്മ പ്രമുഖ പാചക വിദഗ്ധയും ഫാഷന്‍ ഡിസൈനറും ആര്‍ട്ട് തെറാപ്പിസ്റ്റുമാണ്.
ചിത്ര രചനയ്ക്ക് സംഗീതം പകര്‍ന്നുകൊണ്ട് സ്നേഹ ഓജന്‍ വയലിനിലും അമല്‍ കീബോര്‍ഡിലും രേഷ്മയെ അനുഗമിച്ചു.
ലേലത്തില്‍ ലഭിച്ച തുക കേരളത്തിന്‍റെ നവ നിര്‍മ്മിതിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് പ്രസിഡന്‍റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു.