ലൈംഗികാതിക്രമം: കുവൈറ്റ് ഇന്ത്യൻ സ്ഥാനപതിയ്ക്കെതിരെ കേസ്

കുവൈറ്റ് ഇന്ത്യൻ സ്ഥാനപതിയ്ക്കെതിരെ ലൈംഗിക പീഡന പരാതി.

Last Updated : Jan 10, 2020, 07:21 PM IST
  • കുവൈറ്റ് ഇന്ത്യൻ സ്ഥാനപതിയ്ക്കെതിരെ ലൈംഗിക പീഡന പരാതി.
  • കുവൈറ്റിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജയായ സാമൂഹ്യ പ്രവർത്തകയെ എംബസിക്കകത്തു വെച്ച് അംബാസഡർ കെ. ജീവ സാഗർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
ലൈംഗികാതിക്രമം: കുവൈറ്റ് ഇന്ത്യൻ സ്ഥാനപതിയ്ക്കെതിരെ കേസ്

കുവൈറ്റ് ഇന്ത്യൻ സ്ഥാനപതിയ്ക്കെതിരെ ലൈംഗിക പീഡന പരാതി.

കുവൈറ്റിലെ ഇന്ത്യൻ എംബസിക്കകത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗറിനെതിരെയാണ് പരാതി. സംഭവത്തില്‍ ഡല്‍ഹി പാർലമെൻറ് സ്ട്രീറ്റ് പോലീസ് FlR രജിസ്റ്റർ ചെയ്തു. 

കുവൈറ്റിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജയായ സാമൂഹ്യ പ്രവർത്തകയെ എംബസിക്കകത്തു വെച്ച് അംബാസഡർ കെ. ജീവ സാഗർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

2018ലാണ് സംഭവം. ലൈംഗികാതിക്രമത്തിനെതിരെ പരാതിക്കാരി ആദ്യം കുവൈറ്റ് പോലീസിനെ സമീപിച്ചെങ്കിലും, പീഡനം നടന്നത് ഇന്ത്യൻ എംബസിക്കകത്തായതിനാലും ആരോപണം അംബാസഡർക്കെതിരെ ആയതിനാലും കേസെടുക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ അധികൃതരെ സമീപിക്കാനാണ് കുവൈറ്റ് പോലീസധികൃതർ നിർദ്ദേശിച്ചത്. 

തുടർന്ന് 2019 ജനുവരി ആദ്യത്തിൽ പരാതിക്കാരി വിദേശകാര്യ മന്ത്രിക്കും മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും സ്ഥാനപതിക്കെതിരായ പരാതി പരിശോധിക്കാനോ നടപടിയെടുക്കാനോ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. തുടർന്ന് പുതുതായി അധികാരമേറ്റ കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരെയെല്ലാം പരാതിയുമായി സമീപിച്ചെങ്കിലും സ്ഥാനപതിയെ സംരക്ഷിക്കുന്ന നിലപാടാണ് വിദേശകാര്യ വകുപ്പും മന്ത്രിമാരും സ്വീകരിച്ചത്.

പരാതി നൽകി ഒമ്പതു മാസം കഴിഞ്ഞിട്ടും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും നീതി ലഭിക്കാതായതോടെ 2019 സപ്റ്റംബർ മാസത്തിൽ പരാതിക്കാരി ഡല്‍ഹി ദില്ലി പാർലമെൻറ് സ്ട്രീറ്റ്  പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകി. പീഡനം നടന്നത് വിദേശത്താണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെ പരാതിക്കാരി അഡ്വ .സുഭാഷ് ചന്ദ്രൻ മുഖേന ഡല്‍ഹി പട്യാല ഹൗസ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.

കേസിൽ പരാതിക്കാരിയുടേയും ഡല്‍ഹി പോലീസിന്‍റെയും വിശദമായ വാദം കേട്ട ഡല്‍ഹി പട്യാല ഹൗസ് കോടതി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗറിനെതിരെ FIR റജിസ്റ്റർ ചെയ്യാൻ 2019 ഡിസംബർ24 ലെ ഉത്തരവിലൂടെ ഡല്‍ഹി പോലീസിന് നിർദ്ദേശം നൽകി. 

2020 ജനുവരി 6ന് മുന്‍പായി കേസ് രജിസ്റ്റർ ചെയത് സ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതി നിർദ്ദേശമെങ്കിലും, കേസ് റജിസ്റ്റർ ചെയ്യാനായി രണ്ടു മാസത്തെ സമയം കൂടുതൽ അനുവദിക്കണമെന്ന ആവശ്യവുമായി ജനുവരി 6ന് ഡല്‍ഹി പോലീസ് കോടതിയെ സമീപിച്ചു.

ഡല്‍ഹി പോലീസിന്‍റെ ആവശ്യം തള്ളിയ പട്യാല ഹൗസ് കോടതി ജനുവരി 10ന് DCP യോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചതോടെയാണ് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ജീവ സാഗറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354A, 354B, 506, 509 തുടങ്ങിയ വകുപ്പുകൾ പ്രകാരം 2020 ജനുവരി 9ന് ഡല്‍ഹി പാർലമെൻറ് സ്ട്രീറ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.

Trending News