Dubai: കോവിഡ് പ്രതിസന്ധിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
കോവിഡ് (Covid-19) മഹാമാരിക്കിടയിലും പഠനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ദുബായിലെ (Dubai) സ്കൂള്‍ ബസുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (Dubai Road Transport Authority, RTA) എത്തിയത്.
ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ബസുകളില്‍ ഇനി മുതല്‍ ശേഷിയുടെ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് ആര്‍ടിഎ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ, ബസില്‍ കയറുന്നതിന് മുന്‍പ് ബസ് അസിസ്റ്റന്‍റുമാര്‍ പതിവായി വിദ്യാര്‍ഥികളുടെ താപനില പരിശോധനയും ഒപ്പം ഹാന്‍ഡ് സാനിറ്റൈസേഷനും നടത്തും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഈ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
നിരീക്ഷണ ക്യാമറകളും സെന്‍സറുകളും കണ്‍ട്രോള്‍ സെന്‍ററുമായി ആശയവിനിമയം നടത്തുന്നതിനുള്ള അടിയന്തര ബട്ടണ്‍, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, (ജിഐഎസ്) എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ട് ടെക്നോളജികളും ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനങ്ങളാണ് ദുബൈയിലെ സ്കൂള്‍ ബസുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്.
Also read: താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ, തണുത്തുറഞ്ഞ് UAE
https://schoolbus.dubaitaxi.ae/parentportal സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ സേവനത്തിനായി അഭ്യര്‍ത്ഥിക്കുന്നതിനും ബസുകളെ കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതിനും രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്‌മെന്‍റ് നടത്തുന്നതിനും ബസിന്‍റെയും വിദ്യാര്‍ത്ഥികളുടെയും ചലനം ട്രാക്കുചെയ്യാനും പിക്ക് അപ്പ് ഡ്രോപ്പ്-ഓഫ് പോയിന്‍റുകള്‍ കണ്ടെത്തുന്നതിനും പോര്‍ട്ടലില്‍ സംവിധാനങ്ങളുണ്ടെന്നും ആര്‍.ടി.എ വ്യക്തമാക്കി.