ബഹ്റൈനിലെ തീവ്രവാദി ആക്രമണങ്ങളിലെ ഇറാന്‍ പങ്ക് വ്യക്തമാക്കി യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് റിപ്പോര്‍ട്ട്‌

ബഹ്റൈനിലെ തീവ്രവാദി ആക്രമണങ്ങളും ഇറാനും തമ്മിലുള്ള ബന്ധം വ്യക്തമാക്കി യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് റിപോര്‍ട്. മേഖലയില്‍ ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും പരിശീലനവും നല്‍കുന്നതില്‍ പോയവര്‍ഷം ഇറാന്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ബഹ്റൈനിലെ ശിയ തീവ്രവാദി ഗ്രൂപ്പുകള്‍ക്കുള്ള സഹായം ഇറാന്‍ തുടരുകയാണെന്നും റിപ്പോര്‍ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ നടന്ന ആക്രമണങ്ങളുടെ സ്വഭാവം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. 

Last Updated : Jun 11, 2016, 07:02 PM IST
ബഹ്റൈനിലെ തീവ്രവാദി ആക്രമണങ്ങളിലെ ഇറാന്‍ പങ്ക് വ്യക്തമാക്കി   യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് റിപ്പോര്‍ട്ട്‌

മനാമ: ബഹ്റൈനിലെ തീവ്രവാദി ആക്രമണങ്ങളും ഇറാനും തമ്മിലുള്ള ബന്ധം വ്യക്തമാക്കി യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് റിപോര്‍ട്. മേഖലയില്‍ ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും പരിശീലനവും നല്‍കുന്നതില്‍ പോയവര്‍ഷം ഇറാന്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ബഹ്റൈനിലെ ശിയ തീവ്രവാദി ഗ്രൂപ്പുകള്‍ക്കുള്ള സഹായം ഇറാന്‍ തുടരുകയാണെന്നും റിപ്പോര്‍ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ നടന്ന ആക്രമണങ്ങളുടെ സ്വഭാവം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. 

ബഹ്റൈന്‍ സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് പലപ്പോഴും ആക്രമണങ്ങള്‍ അരങ്ങേറുന്നത്. മുന്‍വര്‍ഷങ്ങളില്‍ നാടന്‍ സ്ഫോടകവസ്തുക്കളും മറ്റുമാണ് ബഹ്റൈനിലെ ആക്രമണത്തിന് ഉപയോഗിച്ചിരുന്നതെങ്കില്‍, പോയ വര്‍ഷം സൈന്യത്തിന്‍െറ പക്കലുള്ളതിന് സമാനമായ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ആര്‍.ഡി.എക്സ് ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടും. തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരായ മുന്നേറ്റം നടത്താന്‍ ബഹ്റൈന്‍ സുരക്ഷാസേനക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം റിപ്പോര്‍ട് അടിവരയിടുന്നു. സ്ഫോടന-ആക്രമണ പദ്ധതികള്‍ നേരത്തെ അറിയാനും അത് തകര്‍ക്കാനും സേനക്ക് സാധിച്ചിട്ടുണ്ട്. ഐ.എസ് അനുയായികള്‍ക്കെതിരെയും മറ്റും കര്‍ശന നടപടി സ്വീകരിക്കാനും സാധിച്ചു. റെയ്ഡുകള്‍ വഴി തീവ്രവാദി ആക്രമണങ്ങളുടെ തോതില്‍ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോര്‍ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കരാനയിലുണ്ടായ ബോംബ് ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റത്, ജൂലൈയില്‍ ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടത്, ജൂലൈയില്‍ സിത്രയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപൊലീസുകാര്‍ കൊല്ലപ്പെട്ടത്, ആഗസ്റ്റില്‍ കരാനയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഏഴ് സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്, ബിലാദ് അല്‍ ഖദീമില്‍ പൊലീസ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണം എന്നിങ്ങനെ ബഹ്‌റൈനില്‍ നടന്ന അഞ്ച് പ്രധാന സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്

ഷിയ തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ 2015 ല്‍ പൊലീസിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടങ്ങള്‍ സംഭവിക്കാത്ത നിരവധി സ്‌ഫോടനങ്ങളുമുണ്ടായി. എന്നാല്‍, സുരക്ഷാവിഭാഗങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം മൂലം തീവ്രവാദഭീകര പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാനായി. ആഗോളതലത്തില്‍ ഐ.എസിനെ തന്നെയാണ് ഏറ്റവും വലിയ ഭീഷണിയായി റിപ്പോര്‍ട്ടില്‍ പറയുന്നത്. കിങ് ഫഹദ് കോസ്വേയില്‍ അതീവ ജാഗ്രതയോടെയുള്ള പരിശോധന നടക്കുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അയല്‍രാജ്യങ്ങളിലെ തീവ്രവാദികളുടെ ഭീഷണിയില്‍ നിന്നും ബഹ്‌റൈന്‍ മുക്തമല്ല. കുവൈത്ത് പള്ളിയില്‍ 27 പേരെ വധിച്ച സൗദി പൗരന്‍ ബഹ്‌റൈന്‍ വിമാനത്താവളം വഴിയാണ് കടന്നുപോയതെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

Trending News