Ahmadabad: ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതിയുടെ ഇരു തീരങ്ങളേയും ബന്ധിപ്പിക്കുന്ന കാൽനട പാലമായ 'അടൽ പാലം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27 ന് ഉദ്ഘാടനം ചെയ്യും.
സബർമതി നദിക്ക് കുറുകെയുള്ള ആദ്യത്തെ ഐക്കണിക് ഫുട്ട് ഓവർ ബ്രിഡ്ജിലൂടെ നദി കടക്കാനായി കാത്തിരിയ്ക്കുകയാണ് സംസ്ഥാനത്തെ ജനങ്ങൾ. ഈ കൈറ്റ് തീം ഫൂട്ട് ഓവർ ബ്രിഡ്ജ് ഒരു മാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരുന്നില്ല.
സബര്‍മതി നദിയുടെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് 2018 മാർച്ചിൽ സബർമതി റിവർഫ്രണ്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SRFDCL) ബോർഡ് അംഗീകരിച്ചാണ് നടപ്പാക്കിയത്.
ഭംഗിയേറിയ ഈ പാലം പ്രധാനമായും കാൽനടയാത്രയ്ക്കായി വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ആളുകൾക്ക് ഇരിപ്പിട സൗകര്യവുമുണ്ട്.
ഗുജറാത്തില്‍ മകരസംക്രാന്തിയ്ക്ക് നടക്കുന്ന പട്ടംപറത്തൽ ഉത്സവം കേന്ദ്രീകരിച്ചാണ് പട്ടം തീമില്‍ പാലം നിർമ്മിച്ചിരിക്കുന്നത്. അകര്ഷമായ നിറങ്ങളിലുള്ള അലങ്കാരപ്പണികള്‍ പാലത്തിന്റെ ഭംഗി കൂട്ടുന്നു.
പാലത്തിന്റെ ആകാശ കാഴ്ച ഒരു ഭീമൻ മത്സ്യത്തെ പോലെയാണ്. പാലത്തിന് 300 മീറ്റർ നീളവും 10 മുതൽ 14 മീറ്റർ വരെ വീതിയുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2,100 മെട്രിക് ടൺ ലോഹമാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.