ആളുകൾ ഇന്നും പേടിയോട് കാണുന്ന ഒരു രോഗമാണ് ക്യാൻസർ. തുടക്കത്തിലെ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ രോഗം ഭേദമാകും. എങ്കിലും ക്യാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഇപ്പോഴും പേടിയാണ്. പ്രായഭേദമന്യേ ആളുകളിൽ ക്യാൻസർ കണ്ടുവരുന്നുണ്ട്. ജീവിത രീതിക്കൊപ്പം തെറ്റായ ഭക്ഷണക്രമവും ഈ രോഗത്തിന് കാരണമാകുന്നു. നമ്മൾ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമാകുന്നു എന്ന് പലരും അറിയുന്നില്ല. ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
ആഹാരപദാർഥങ്ങളിൽ പൂപ്പൽ പിടിച്ചിരിക്കുന്നത് കാണാറുണ്ട്. അങ്ങനെ കണ്ടാൽ അത്തരം ആഹാരങ്ങൾ കഴിക്കാതിരിക്കുക. ഇവ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. അഫ്ലടോക്സിൻ എന്ന പൂപ്പൽ ആഹാരത്തിൽ ഉണ്ടെങ്കിൽ ലിവർ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പരമാവധി പൂപ്പലുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുക. ഒരുപാട് നാൾ സൂക്ഷിക്കുന്ന കോൺ, നിലക്കടല, സോയ ബീൻസ്, ചീസ്, പാൽ തുടങ്ങിയവയിലാണ് അഫ്ലടോക്സിൻ പൂപ്പൽ കാണപ്പെടുന്നത്.
കരിഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ്റിലെ ക്യാൻസറിന് കാരണമാകും. മീൻ, ചിക്കൻ തുടങ്ങിയവ നന്നായി കരിച്ച് കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
തവിട് കളഞ്ഞിട്ടുള്ള അരികൾ ക്യാൻസറിനുള്ള സാധ്യത കൂട്ടും. പ്രമേഹത്തിനും മറ്റ് രോഗങ്ങൾക്കും ഇത് കാരണമായേക്കും.
സംസ്കരിച്ച മാംസം പതിവായി കഴിക്കുന്നത് ഒഴിവാക്കുക. ഇവയിൽ കെമിക്കലുകൾ ചേർത്താണ് ദിവസങ്ങളോളം സൂക്ഷിക്കുന്നത്. പതിവായി ഇവ കഴിക്കുമ്പോൾ അത് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. റെഡ് മീറ്റ് കഴിക്കുന്നത് കുടൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. ബീഫ്, മട്ടൻ, പോർക്ക് എന്നിവയൊക്കെ ആഴ്ചയിൽ പരമാവധി 100 ഗ്രാം വരെ കഴിക്കാൻ പാടുള്ളൂ.
ഉപ്പ് കൂടിയ ചെെനീസ് വിഭവങ്ങളും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
മദ്യപാന ശീലവും ക്യാൻസർ സാധ്യതയിലേക്ക് നയിച്ചേക്കാം. കുടൽ ക്യാൻസർ, വായയിൽ ക്യാൻസർ, അന്നനാള ക്യാൻസർ, കരൾ ക്യാൻസർ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.