പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പുകവലി നിർത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും അതിന് പലർക്കും സാധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
Tips for quit smoking: പുകവലി ഉപേക്ഷിക്കാൻ ബുദ്ധിമുട്ട് നേരിടുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചില പൊടിക്കൈകൾ ഉപയോഗിച്ച് പുകവലി നിർത്താൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
പുകവലിക്കാൻ തോന്നുമ്പോൾ മറ്റ് എന്തെങ്കിലും കാര്യത്തിലേയ്ക്ക് മനസിനെയും ശരീരത്തെയും എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സിനിമ കാണുകളോ പാട്ട് കേൾക്കുകയോ അങ്ങനെ പുകവലിയിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് വേണ്ടത്.
സന്തോഷമായാലും സങ്കടമായാലും പുകവലിയ്ക്കുക എന്ന ചിന്തയാണ് മാറ്റേണ്ടത്. ചിലപ്പോൾ ദാഹം പോലും പുകവലിയിലേയ്ക്കാകും എത്തിക്കുക. അതിനാൽ പുകവലിക്കാൻ തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാം.
പുകവലിയിൽ നിന്ന് മുക്തനാകാൻ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുക എന്നത് പ്രധാനമാണ്. ഇതിന് വേണ്ടി വ്യായാമങ്ങളിൽ മുഴുകുക. ഈ സമയം ശരീരത്തിൽ നിന്ന് പുറത്തുവരുന്ന എൻഡോർഫിനുകൾ നമ്മളിൽ നല്ല ഒരു മൂഡ് സൃഷ്ടിക്കും.
പുകവലിക്കാൻ തോന്നുമ്പോൾ ഷുഗർ ഫ്രീ മിഠായികളോ ച്യൂവിംഗമോ നുണയുന്നത് മികച്ച ഒരു പോംവഴിയാണ്.
പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർ പുകവലിക്കുന്ന ആളുകളുടെ സമീപത്ത് നിന്ന് മാറി നിൽക്കുക. പതിവായി പുകവലിച്ചിരുന്ന സ്ഥലങ്ങൾ ഒഴിവാക്കുക.
ഒറ്റ ദിവസം കൊണ്ട് പുകവലി നിർത്തുകയെന്നത് ബുദ്ധിമുട്ടാകും. അതിനാൽ, പുകവലി നിർത്താൻ നാം ചെയ്യുന്ന ഓരോ ശ്രമങ്ങളെയും സ്വയം അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.