ഈ വർഷം മാർച്ച് മുതൽ മെയ് വരെയുള്ള സമയങ്ങളിൽ ഇന്ത്യയുടെ വടക്ക്, വടക്കുകിഴക്ക്, കിഴക്ക്, പശ്ചിമ മേഖലകളിൽ സാധാരണ നിലയിൽ കൂടുതൽ ചൂട് രേഖപ്പെടുത്താൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു. എന്നാൽ സൗത്ത് ഇന്ത്യയിലും മധ്യ മേഖലകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല.
ഛത്തീസ്ഗഡ്, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങൾ, ഗോവ, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണ ഗതിയിലും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഈസ്റ്റ് യുപി, വെസ്റ്റ് യുപി, ഛത്തീസ്ഗഡ്, ജാർഖണ്ഡ് മുതൽ ഒഡീഷ വരെയുള്ള മേഖലകൾ എന്നിവിടങ്ങളിൽ 0.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂട് രേഖപ്പെടുത്താമെന്ന് IMD അറിയിച്ചു.
കേരളത്തിലും തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയുടെ അത്ര ചൂട് കൂടാൻ സാധ്യതയില്ലെന്നും സാധാരണം നിലയിൽ തന്നെ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ത്യയുടെ കാലാവസ്ഥയെ ബാധിക്കുന്ന ലാ നീന അവസ്ഥ ഇനി വരുന്ന വേനൽക്കാലം മുഴുവൻ നിലനിൽക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് തള്ളിക്കളയുന്നില്ല.
കഴിഞ്ഞ 60 വർഷങ്ങളിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഈ ജനുവരിയിൽ ആയിരുന്നുവെന്ന് കാലാവസ്ഥ വകുപ്പ് മുമ്പ് പറഞ്ഞിരുന്നു.