വാഴപ്പഴം രുചികരവും പോഷകസമ്പുഷ്ടവുമാണ്. പൊട്ടാസ്യം, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം.
വിറ്റാമിൻ ബി 6, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ മറ്റ് വിറ്റാമിനുകളും ധാതുക്കളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റിൽ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
നല്ല ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ നാരുകളുടെ ഏറ്റവും മികച്ച ഉറവിടമായി വാഴപ്പഴം കണക്കാക്കപ്പെടുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ദഹനത്തിൽ വലിയ പങ്ക് വഹിക്കുന്നു.
ഏത്തപ്പഴം കഴിക്കുന്നത് ഊർജം വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന്റെ പ്രാഥമിക ഇന്ധന സ്രോതസ്സായ കാർബോഹൈഡ്രേറ്റുകൾ വാഴപ്പഴത്തിൽ ധാരാളമായി കാണപ്പെടുന്നു.
ഹൃദയാരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം വാഴപ്പഴത്തിൽ ഗണ്യമായ അളവിൽ കാണപ്പെടുന്നു. ശരീരത്തിലെ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും ബാലൻസ് നിയന്ത്രിക്കുന്നത് പൊട്ടാസ്യം ആണ്, ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
പൊട്ടാസ്യത്തിന് പുറമേ, ഹൃദയാരോഗ്യത്തിന് ഉത്തമമായ വിറ്റാമിൻ സി, മഗ്നീഷ്യം, ഫൈബർ തുടങ്ങിയ ധാതുക്കളും വാഴപ്പഴത്തിൽ ഉൾപ്പെടുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഹൃദയത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സഹായിക്കുന്നു.
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ ഘടകമായ വിറ്റാമിൻ സി ഗണ്യമായ അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയുടെ സഹായത്തോടെയാണ് അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത്. കൂടാതെ, കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ഇത് സഹായിക്കുന്നു.