ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ (ISL) കിരീടം നേടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് (Kerala Blasters FC) വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ബ്ലാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെ പോലെ ഞാനും ഒപ്പമുണ്ട് എന്ന് മമ്മൂട്ടി ഫേസ്ബുക്കൽ കുറിച്ചു. ബ്ലാസ്റ്റേഴ്സ് ടീമിന്റെ ചിത്രവും പോസ്റ്റിനൊപ്പം മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
"കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. Kerala Blasters ടീമിന് വിജയാശംസകൾ..." - മമ്മൂട്ടി കുറിച്ചു.
ഗോവയിലെ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. വൈകിട്ട് 7.30 നാണ് ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടം. ഫൈനൽ മത്സരത്തിന് കാണികൾക്ക് പ്രവേശനാനുമതിയുണ്ട്. ബ്ലാസ്റ്റേഴ്സ് മൂന്നാം തവണയും ഹൈദരാബാദ് ആദ്യമായുമാണ് ഫൈനലിൽ എത്തുന്നത്. 2014ലെ ആദ്യ സീസണിലും 2016ലും കേരളം ഫൈനലിൽ എത്തിയെങ്കിലും കപ്പ് നേടിയില്ല. 2014ലും 2016ലും അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് തോൽവി വഴങ്ങുകയായിരുന്നു.
കേരളവും ഹൈദരാബാദും ഈ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഓരോ ജയവുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ആകെ ആറു തവണയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇരുവരും മൂന്ന് വീതം ജയം നേടി.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ മത്സരം കാണാൻ ഗോവയിലേക്ക് പോയ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു. ജംഷിൽ, ഷിബിൽ മുഹമ്മദ് എന്നിവരാണ് മരിച്ചത്. കാസർകോട് ഉദ്ദുമയിൽ വെച്ചാണ് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ മിനി ലോറി ഇടിച്ച് അപകടമുണ്ടായത്. ഇരുവരും മലപ്പുറം സ്വദേശികളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...