ഏഷ്യാ കപ്പിലെ സൂപ്പർ 4ൽ പാകിസ്താനെയും ശ്രീലങ്കയെയും തകർത്ത് ടീം ഇന്ത്യ ഫൈനലിലേയ്ക്ക് കുതിച്ച് കയറിയിരിക്കുകയാണ്. പാകിസ്താനെതിരെ 228 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യ ശ്രീലയ്ക്ക് എതിരെ 41 റൺസിനാണ് വിജയിച്ചത്. ഇതോടെ മികച്ച റൺ റേറ്റിന്റെ (2.690) അകമ്പടിയോടെ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.
ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തായി. പാകിസ്താനോടും ശ്രീലങ്കയോടും പരാജയപ്പെട്ടതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 2 കളികളിൽ 2 പോയിന്റുകളുള്ള ശ്രീലങ്ക തന്നെയാണ് ഇപ്പോഴും രണ്ടാം സ്ഥാനത്ത്. -0.200 ആണ് ശ്രീലങ്കയുടെ റൺ റേറ്റ്. മറുഭാഗത്ത്, 2 കളികളിൽ 2 പോയിന്റുകളുണ്ടെങ്കിലും ഇന്ത്യയോട് വമ്പൻ തോൽവി ഏറ്റുവാങ്ങി മോശം റൺ റേറ്റ് ലഭിച്ചതാണ് (-1.892) പാകിസ്താന് തിരിച്ചടിയായിത്.
ALSO READ: ലങ്കയെ കുൽദീപ് കറക്കി വീഴ്ത്തി; ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ
ഏഷ്യാ കപ്പിൽ ഇന്ത്യ - പാകിസ്താൻ സ്വപ്ന ഫൈനലിനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇത് സാധ്യമാകണമെങ്കിൽ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയെ പരാജയപ്പെടുത്തണം. സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിലെ വിജയി ഫൈനലിന് യോഗ്യത നേടും. അതേസമയം, മഴ കളി മുടക്കിയാൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്ക ഫൈനലിലെത്തും. ജയിച്ചാൽ ഫൈനൽ, തോറ്റാലും മഴ കാരണം കളി ഉപേക്ഷിച്ചാലും പുറത്ത് എന്നതാണ് പാകിസ്താന്റെ അവസ്ഥ. സെപ്റ്റംബർ 17 ഞായറാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനൽ നടക്കുക.
ടൂർണമെന്റിൽ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. പൂർത്തിയാക്കിയ മൂന്ന് മത്സരങ്ങളിലും എതിരാളികളെ ഓൾ ഔട്ടാക്കാൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞു. നേപ്പാളും പാകിസ്താനും ശ്രീലങ്കയും ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അടിപതറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ബാറ്റിംഗ് നിരയും ഗംഭീരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. നായകൻ രോഹിത് ശർമ്മയുടെ ഫോം തന്നെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നത്. ശുഭ്മാൻ ഗിൽ - രോഹിത് ശർമ്മ ഓപ്പണിംഗ് സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...