ലോകകപ്പ്‌ ടീമില്‍ നിന്നും ധവന്‍ പുറത്ത്; പകരക്കാരനായി പന്ത്‍!!

ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്‍റിന്‍റെ നിലപാട്. 

Last Updated : Jun 19, 2019, 05:09 PM IST
 ലോകകപ്പ്‌ ടീമില്‍ നിന്നും ധവന്‍ പുറത്ത്; പകരക്കാരനായി പന്ത്‍!!

ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ധവന്‍ ലോകകപ്പ്‌ ടീമില്‍ നിന്ന് പുറത്ത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ധവന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച വിരലിന് പരിക്കേറ്റ ധവന്‍റെ വിരലിന് പൊട്ടലുണ്ടെന്ന് സ്ക്കാനിംഗ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 

മൂന്നാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്‍റിന്‍റെ നിലപാട്. 

ധവന് പരിക്കേറ്റ ശേഷം നടന്ന മത്സരങ്ങളില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് ലോകേഷ് രാഹുലിനെയായിരുന്നു. പന്ത്രണ്ടാം ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ തീര്‍ത്ത ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടിയത് ധവനായിരുന്നു. 

മത്സരത്തിനിടെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്‍റെ പന്ത് കൊണ്ടാണ് താരത്തിന്‍റെ ഇടതു കൈവിരലിന് പരിക്കേറ്റത്. 

കൈ വിരലില്‍ നീര് വന്ന് വീര്‍ത്തെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധവന്‍ കളി തുടരുകയും 109 പന്തുകളില്‍ നിന്ന് 117 റണ്‍സ് നേടുകയും ചെയ്തിരുന്നു. 

എന്നാല്‍, സെഞ്ചുറി പിന്നിട്ട താരം ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. 

Trending News