ഐപിഎല്ലിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ സീസണിലെ റണ്ണർ അപ്പുകളായ രാജസ്ഥാൻ റോയൽസിനെ നേരിടും. രാജസ്ഥാൻറെ ഹോം ഗ്രൌണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഐപിഎൽ 2023 സീസൺ പാതി വഴിയിൽ എത്തി നിൽക്കെ ചെന്നൈയും രാജസ്ഥാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 7 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് 5 വിജയങ്ങളും 2 പരാജയങ്ങളുമായി പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളും 3 തോൽവികളും അക്കൌണ്ടിലുള്ള രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്. അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് ചെന്നൈയുടെ വരവ്. മറുഭാഗത്ത് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാണ് രാജസ്ഥാൻ ഇന്ന് ഇറങ്ങുന്നത്.
ALSO READ: 'ദേശീയ ടീം വിടൂ'; ആറ് ഇംഗ്ലീഷ് താരങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്ത് ഐപിഎൽ ഫ്രാഞ്ചൈസികൾ
ഈ സീസണിൽ ഇതിന് മുമ്പ് ചെന്നൈയും രാജസ്ഥാനും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാനായിരുന്നു വിജയിച്ചത്. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗും രാജസ്ഥാൻ പേസർ സന്ദീപ് ശർമ്മയുടെ അച്ചടക്കമുള്ള ബൌളിംഗുമായിരുന്നു ഹൈലൈറ്റ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ചെന്നൈയെ മറികടന്ന് പോയിൻറ് പട്ടികയിൽ ഒന്നാമത് എത്താനാകും രാജസ്ഥാൻറെ ശ്രമം.
ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്സിനാണ് നേരിയ മുൻതൂക്കം. ഇതുവരെ 27 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ 12 തവണ രാജസ്ഥാൻ വിജയിച്ചപ്പോൾ ചെന്നൈ 15 തവണ വിജയിച്ചു. ചെപ്പോക്കിലെ തോൽവിക്ക് പകരം വീട്ടാനും മറ്റൊരു ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനുമാകും ഇന്ന് ധോണിയുടെ ശ്രമം.
സിസന്ദ മഗലയ്ക്ക് പുറമെ പരിക്ക് കാരണം ബെൻ സ്റ്റോക്‌സിന്റെയും ദീപക് ചാഹറിന്റെയും സേവനം ചെന്നൈയ്ക്ക് ഇന്ന് നഷ്ടമാകും. അതേസമയം, ചെന്നൈയുടെ സ്റ്റാർ ഓൾ റൌണ്ടർ രവീന്ദ്ര ജഡേജ തന്റെ 300-ാം ടി20 മത്സരത്തിനാണ് ഇന്ന് ഇറങ്ങുക. മറുവശത്ത്, തങ്ങളുടെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് നേരിട്ട നിരാശാജനകമായ തോൽവിയിൽ നിന്ന് തിരിച്ചുവരാനാണ് റോയൽസ് ശ്രമിക്കുന്നത്.
സാധ്യതാ ടീം
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ടർ, സഞ്ജു സാംസൺ (c & wk), ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, സന്ദീപ് ശർമ്മ
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി (c & wk), മതീഷ പതിരണ/ മിച്ചൽ സാന്റ്‌നർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...