Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ്; വാശിയേറിയ ലേലത്തിൽ ലക്ഷങ്ങൾ പ്രതിഫലം നേടി താരങ്ങൾ

Kerala Cricket League Auction: എം.എസ്. അഖിൽ, വരുൺ നായനാർ, മനു കൃഷ്ണൻ, സൽമാൻ നിസാർ എന്നിവരെയാണ് ഏഴ് ലക്ഷം രൂപയ്ക്ക് മുകളിൽ നൽകി വിവിധ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 06:57 PM IST
  • ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കി
  • താരലേലത്തിൽ 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ അണിനിരത്തിയത്
Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ്; വാശിയേറിയ ലേലത്തിൽ ലക്ഷങ്ങൾ പ്രതിഫലം നേടി താരങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ 7.4 ലക്ഷം രൂപയ്ക്ക് ഓൾ റൗണ്ടർ എം.എസ്. അഖിലിനെ സ്വന്തമാക്കി ട്രിവാൻഡ്രം റോയൽസ്. തൃശൂർ ടൈറ്റൻസ് 7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പർ വരുൺ നായനാരെ സ്വന്തമാക്കി. ഓൾ റൗണ്ടർ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും സ്വന്തമാക്കി. ഏഴ് ലക്ഷം രൂപയ്ക്കാണ് താരങ്ങളെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും സ്വന്തമാക്കിയത്.

50,000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കി. ചാരു ശർമാണ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന താരലേലം നിയന്ത്രിച്ചത്. കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ 168 കളിക്കാരെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ അണിനിരത്തിയത്.

ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരെ ‘എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചത്. സി.കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചത്. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരെയും ക്ലബ് ക്രിക്കറ്റർമാരുമാരെയും ‘സി’ വിഭാഗത്തില്‍പ്പെടുത്തി 50,000 രൂപ അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചാണ് ലേലം നടത്തിയത്.

ALSO READ: ഒളിമ്പിക്‌സിൽ ആറാം മെഡൽ സ്വന്തമാക്കി ഇന്ത്യ; ഗുസ്‌തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

ബി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏഴ് പേര്‍ എ വിഭാഗത്തിന്റെ അടിസ്ഥാന തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം നേടി. ഈ വിഭാഗത്തില്‍ ഓള്‍ റൗണ്ടര്‍ അക്ഷയ് മനോഹര്‍ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സാണ് അക്ഷയ് മനോഹറിനെ സ്വന്തമാക്കിയത്.

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. എ വിഭാഗത്തില്‍ ഉള്‍പ്പെട്ട 31 കളിക്കാരില്‍ എല്ലാവരേയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി. ബി വിഭാഗത്തിലെ 43ല്‍ 21 പേരെ തിരഞ്ഞെടുത്തു. സി വിഭാഗത്തിലെ 94 പേരില്‍ 56 പേരെ വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഐക്കൺ പ്ലേയറാണ്. സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന്റെയും ഐക്കണ്‍ പ്ലേയേഴ്സായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്തംബർ രണ്ട് മുതല്‍ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങൾ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികൾ നടക്കും. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിങ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. ഹയാത്ത് റീജന്‍സിയിലാണ് ലോഞ്ചിങ് ചടങ്ങുകൾ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News